സീറോ മലബാര്‍ സഭ ഭൂമി ഇടപാട്:ഗുരുതര ക്രമക്കേടെന്ന് ആദായനികുതിവകുപ്പ്;മൂന്നരക്കോടി പിഴ അടയ്ക്കണം

August 12, 2021
172
Views

കൊച്ചി: സിറോ മലബാ‍ര്‍ സഭാ ഭൂമിയിടപാട് കേസില്‍ എറണാകുളം- അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്ന് ആദായ നികുതി വകുപ്പ്. ഭൂമിയിടപാടില്‍ വന്‍ നികുതി വെട്ടിപ്പ് നടന്നെന്നാണ് ആദായനികുതി വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നെടുത്ത 58 കോടി തിരിച്ചടയ്ക്കാനാണ് സഭയുടെ കൈവശമുളള ഭൂമി വിറ്റത്. എന്നാല്‍ ഈ കടം തിരിച്ചയ്ക്കാതെ രണ്ടിടത്ത് ഭൂമി വാങ്ങുകയാണ് സഭ ചെയ്തത്. ഈ ഭൂമിയിടപാടിന് എത്രപണം കൊടുത്തു എന്നതിനും കൃത്യമായി രേഖകളില്ല. ഇടനിലക്കാരന്‍ സാജു വര്‍ഗീസിനെ പരിചയപ്പെടുത്തിയത് കര്‍ദിനാളെന്ന് പ്രൊക്യുറേറ്റര്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്.

നടന്നത് ഗുരുതര സാമ്ബത്തിക ക്രമക്കേടെന്നും ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടപ്പടി ഭൂമി മറിച്ചുവില്‍ക്കാന്‍ ചെന്നൈയില്‍ നിന്നുളള ഇടപാടുകാരെ കര്‍ദിനാള്‍ നേരിട്ട് കണ്ടെന്നും ഫാദര്‍ ജോഷി പുതുവ ഇന്‍കം ടാക്സിന് മൊഴി നല്‍കി. മൂന്നാറിലെ ഭൂമിയിടപാടിന്‍റെ വരുമാന സോഴ്സ് എവിടെനിന്ന് എന്നും കൃത്യമായി പറയാനാകുന്നില്ല. മറിച്ച്‌ വിറ്റ് ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുളള റിയല്‍ എസ്റ്റേറ്റ് ഇടപാടിലാണ് പങ്കാളികളായത്.

അതിരൂപതയുടെ അക്കൗണ്ടില്‍ നിന്നുളള പണം വകമാറ്റിയാണ് ഈ ഇടപാടുകള്‍ നടത്തിയത്. യഥാര്‍ഥ വില മറച്ചുവെച്ചാണ് അതിരൂപത ഭൂമിയിടപാടുകള്‍ നടത്തിയത്. ഇടനിലക്കാരനായ സാജു വര്‍ഗീസ് ഭൂമി തുണ്ടുതുണ്ടായി മറിച്ചു വിറ്റ് വില്‍പ്പന നടത്തി. ഈ ഇടപാടുകളിലും യഥാര്‍ഥ വിലയല്ല രേഖകളില്‍ കാണിച്ചത്. വന്‍ നികുതിവെട്ടിപ്പാണ് ഈ ഇടപാടുകള്‍ വഴി നടത്തിയത് എന്നും ആദായനികുതി വകുപ്പ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, കേസില്‍ വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആല‌ഞ്ചേരി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മാര്‍ ജോര്‍ജ്ജ് ആല‌ഞ്ചേരി,അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു കീഴ്കോടതി ഉത്തരവ്.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *