ന്യൂഡല്‍ഹി: ഇന്ത്യാ-ചൈനാ ബന്ധത്തില്‍ നിര്‍ണായകനീക്കമായി ഗോഗ്ര പോസ്റ്റില്‍ നിന്ന് ഇരുരാജ്യങ്ങളും തങ്ങളുടെ സൈന്യത്തെ പൂര്‍ണമായും പിന്‍വലിച്ചു. മറ്റു പ്രദേശങ്ങളിലെ തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ ഘട്ടംഘട്ടമായി പരിഹരിക്കാനും ധാരണയായതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.
ഗോഗ്ര പോസ്റ്റില്‍ (പട്രോളിങ് പോയിന്റ് 17) ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചതായും ടെന്‍ഡുകള്‍ പൊളിച്ചുനീക്കിയെന്നു പരസ്പരം ഉറപ്പുവരുത്തിയതായും സൈന്യം അറിയിച്ചു. കഴിഞ്ഞമാസം 31ന് കിഴക്കന്‍ ലഡാക്കില്‍ ഇരുരാജ്യങ്ങളുടെയും കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലെ ധാരണ അനുസരിച്ചാണ് പിന്‍മാറ്റം.
500 മീറ്റര്‍ വ്യത്യാസത്തിലാണ് ഇവിടെ ഇരു സൈന്യങ്ങളും നിലയുറപ്പിച്ചിരുന്നത്. പിന്‍വാങ്ങല്‍ കരാര്‍ പ്രകാരം ഗോഗ്രയിലെ യഥാര്‍ഥനിയന്ത്രണരേഖ ഇരുവിഭാഗങ്ങളും കര്‍ശനമായി നിരീക്ഷിക്കും.