ന്യൂ ഡെൽഹി: രാജ്യത്ത് കൊറോണ മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞതായി കേന്ദ്രം. കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. 24 ദിവസത്തിനിടെ ഡെൽഹിയിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരുടെ എണ്ണം 70000 ൽ നിന്ന് 5700 ആയി കുറഞ്ഞു.
അതേസമയം രണ്ടാം തരംഗത്തിൽ ഗംഗയിൽ ഒഴുകിയെത്തിയ മൃതദേഹങ്ങൾ സംബന്ധിച്ച് ഒരു വിവരവും കൈവശമില്ല എന്ന് കേന്ദ്രം രാജ്യസഭയിൽ അറിയിച്ചു. സംസ്ഥാനങ്ങളിൽ നിന്ന് വിവരം തേടിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ജനുവരി ആറിന് ശേഷം ആദ്യമായി ഇന്നലെ പ്രതിദിന കേസുകൾ ഒരു ലക്ഷത്തിന് താഴെയെത്തി.
രോഗവ്യാപനം തീവ്രമായിരുന്ന കേരളത്തിൽ കേസുകൾ കുറഞ്ഞത് ആകെ വ്യാപനത്തിന്റെ തോത് കുറച്ചു. മൂന്നാം തരംഗത്തിന്റെ തീവ്രമായ ഘട്ടം കേരളം പിന്നിട്ടുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. വ്യാപനം കുറഞ്ഞതോടെ ഡെൽഹിയും ഉത്തർപ്രദേശുമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു.
കൊറോണ കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ അസമിൽ കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ചു. രാത്രികാല കർഫ്യൂവും, ആഘോഷങ്ങൾക്കുള്ള വിലക്കും നീക്കിയതായി അസം മുഖ്യമന്ത്രി അറിയിച്ചു. മിസോറാം ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും കൊറോണ കേസുകളിൽ ഗണ്യമായ കുറവുണ്ടായി. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വർക്ക് ഫ്രം ഹോം സംവിധാനം ഒഴിവാക്കി.