ന്യൂ ഡെൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. കേരളം ഉൾപ്പെടെ ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന പത്ത് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ടിപിആർ ഉയർന്ന മേഖലകളിൽ നിയന്ത്രണം കർശനമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.
രോഗബാധിതർ കൂടിയ ഇടങ്ങളിൽ ആൾകൂട്ട നിയന്ത്രണം കടുപ്പിക്കണം. രാത്രികാല കർഫ്യൂ ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ടിപിആർ ഉയർന്ന 27 ജില്ലകളിൽ കേരളത്തിൽ നിന്നുള്ള ഒൻപത് ജില്ലകളുണ്ട്. കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂർ, തൃശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണ് പട്ടികയിലുള്ളത്.
നിലവിൽ രാജ്യത്ത് 33 രോഗികളാണ് ഉള്ളത്. രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും മഹാരാഷ്ട്രയിലാണ്. 17 പേരാണ് ഇവിടെ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഈ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. മുംബൈ നഗരത്തിൽ രണ്ട് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര കൂടാതെ ഡെൽഹി ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിലാണ് ഒമിക്രോൺ കണ്ടെത്തിയത്.