കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും വിന്‍ഡീസിനെതിരായ അവസാന ടി20യില്‍ കളിക്കില്ല. ദീര്‍ഘകാലമായി ബയോ ബബിളില്‍ തുടരുന്ന ഇരുവര്‍ക്കും ഇടവേള നല്‍കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലും ഇരുവരും കളിക്കില്ല.
എന്നാല്‍ ടെസ്റ്റ് ടീമില്‍ ഇരുവരേയും ഉള്‍പ്പെടുത്തും. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിന് ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. പന്തിന്റെയും കോലിയുടേയും അഭാവത്തില്‍ മലയാളി താരം സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെയാണ്.
10 ദിവസത്തെ ഇടവേളയാണ് അനുവദിച്ചിരിക്കുന്നത്. ഈ മാസം 24ന് ലഖ്‌നൗവിലാണ് ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇന്ത്യയുടെ ടെസ്റ്റ് നായകനേയും ഇന്ന് പ്രഖ്യാപിച്ചേക്കും. രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ അയല്‍രാജ്യത്തിനെതിരെ കളിക്കുക. കോലിയുടെ 100-ാം ടെസ്റ്റും ഈ പരമ്പരയില്‍ കാണാം. കഴിഞ്ഞ മാസമാണ് കോലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ തോല്‍വിക്ക് പിന്നാലെയായിരുന്നത്. അതിന് ശേഷം ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ നായകനായി രോഹിത്തിനെ ടെസ്റ്റിലും നായകനാക്കാണ് സാധ്യത. രഞ്ജി ട്രോഫിയില്‍ സെഞ്ചുറിയോടെ ഫോമിലേക്ക് തിരിച്ചെത്തിയ അജിന്‍ക്യ രഹാനെയുടെ പേരും പരിഗണിക്കും.