അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ സമാധാനം തുടരാൻ ഇന്ത്യൻ അതിര്‍ത്തി രക്ഷാ സേനയായ ബി.എസ്.എഫും പാക് റേഞ്ചേഴ്സും ധാരണയിലെത്തി.
ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ സമാധാനം തുടരാൻ ഇന്ത്യൻ അതിര്‍ത്തി രക്ഷാ സേനയായ ബി.എസ്.എഫും പാക് റേഞ്ചേഴ്സും ധാരണയിലെത്തി.
അതിര്‍ത്തിയിലെ ഒക്‌ട്രോയിയില്‍ ഇന്നലെ നടന്ന കമാൻഡന്റ് തല ഫ്ലാഗ് മീറ്റിംഗിലാണ് തീരുമാനം. 26, 27 തീയതികളില്‍ അര്‍ണിയ മേഖലയില്‍ പാക് സേന പ്രകോപനമില്ലാതെ നടത്തിയ വെടിവയ്‌പില്‍ ബി.എസ്.എഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
2021 ഫെബ്രുവരിയിലെ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചാണ് ജമ്മു കശ്മീരിലെ അര്‍ണിയ,ആര്‍.എസ് പുര സെക്ടറുകളിലെ വിവിധ സ്ഥലങ്ങളില്‍ പാക് ആക്രമണമുണ്ടായത്. രണ്ട് ബി.എസ്. എഫ് ജവാൻമാര്‍ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. ബി.എസ്.എഫ് ശക്തമായി തിരിച്ചടിച്ചതോടെ പാക് റേഞ്ചര്‍മാര്‍ പിൻവാങ്ങി.
ഈ സാഹചര്യത്തിലാണ് കമാൻഡന്റ് തല ഫ്ളാഗ് മീറ്റിംഗ് സംഘടിപ്പിച്ചത്. പ്രകോപനമില്ലാത്ത പാക് വെടിവയ്‌പിനെതിരെ ബി.എസ്.എഫ് ശക്തമായി പ്രതിഷേധിച്ചു. പാക് വാദങ്ങള്‍ തള്ളുകയും ചെയ്‌തു. എങ്കിലും അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ സമാധാനവും നിലനിറുത്തുന്നതിനുള്ള സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലാണ് യോഗം അവസാനിച്ചതെന്ന് ജമ്മുവിലെ ബി.എസ്.എഫ് പി.ആര്‍.ഒ അറിയിച്ചു.നെല്‍പാടങ്ങള്‍ വിളവെടുക്കാറായ സമയത്ത് നടന്ന പാക് വെടിവയ്‌പ് അതിര്‍ത്തിയിലെ നെല്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കി. അവര്‍ ഗ്രാമം വിട്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ട്.