നടിയെ ആക്രമിച്ച കേസിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്ന് നടൻ ഇന്നസെന്റ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് പറഞ്ഞ ഇന്നസെന്റ് പെൺകുട്ടിക്ക് നീതിലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും കോഴിക്കോട്ട് പറഞ്ഞു. ‘അയാൾ തെറ്റ് ചെയ്‌തോ, ചെയ്തില്ലയോ എന്ന് തീരുമാനിക്കാൻ പൊലീസുണ്ട്, കോടതിയുണ്ട്. കോടതിയാണ് നീതി കൊടുക്കേണ്ടത്. ഇന്നസെന്റല്ല. ഞാനതിൽ ശരിയോ, തെറ്റോ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങളെല്ലാവരും കൂടി എന്നെ കൊല്ലില്ലേ ?’- ഇന്നസെന്റ് ചോദിക്കുന്നു.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റി. സംവിധായകൻ ബാലചന്ദ്രകുമാറിൻറെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹർജി പരിഗണിക്കവേ പറഞ്ഞു. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി.
ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹർജി നൽകിയിരുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിൻറെ ഹരജിയിലെ പ്രധാന ആരോപണം.
ഇതിനിടെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കോടതിക്ക് കൈമാറണെമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്ന് ഹർജിയിൽ പറയുന്നു.