ബെംഗളൂരു: കർണാടകയിലെ സ്കൂളിൽ അധ്യാപകന് നേരേ വിദ്യാർഥികൾ അതിക്രമം കാട്ടിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അധ്യാപകനെ ക്ലാസിൽവെച്ച് അവഹേളിക്കുകയും തലയിൽ ചവറ്റുകുട്ട കമിഴ്ത്തുകയും ചെയ്ത സംഭവത്തിലാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. പോലീസും സംസ്ഥാന വിദ്യാഭ്യാസവകുപ്പും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഉചിതമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് പറഞ്ഞു. അധ്യാപകനെതിരേ നടന്ന അതിക്രമം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും തങ്ങളെല്ലാം അധ്യാപകർക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസങ്ങളിലാണ് ദാവൻഗിരി ജില്ലയിലെ ഛന്നഗിരി നല്ലൂർ ഹൈസ്കൂളിൽനിന്നുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. കുട്ടികൾ അധ്യാപകനോട് മോശമായി പെരുമാറുന്നതും അധ്യാപകന്റെ തലയിൽ ചവറ്റുകുട്ട കമിഴ്ത്തുന്നതുമായിരുന്നു ദൃശ്യങ്ങളിൽ. അധ്യാപകൻ ക്ലാസെടുക്കുന്നതിനിടെയായിരുന്നു ഈ അതിക്രമം. ബോർഡിൽ എഴുതുന്നതിനിടെയും അധ്യാപകന്റെ തലയിൽ ചവറ്റുകുട്ട കമിഴ്ത്തുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. വിദ്യാർഥികളിലാരോ തന്നെയാണ് മൊബൈൽഫോണിൽ ദൃശ്യങ്ങൾ പകർത്തിയത്. എന്നാൽ ഇത്രയും പ്രകോപനമുണ്ടായിട്ടും അധ്യാപകൻ വിദ്യാർഥികളെ ശിക്ഷിക്കാനോ മറ്റോ മുതിർന്നില്ലെന്നാണ് ദൃശ്യങ്ങളിൽനിന്ന് മനസിലാകുന്നത്.
ഡിസംബർ മൂന്നിനാണ് ഈ സംഭവം നടന്നതെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട്. അധ്യാപകൻ ക്ലാസിൽ വന്നപ്പോൾ പാൻമസാലയുടെ പാക്കറ്റുകൾ ക്ലാസിൽ കണ്ടിരുന്നു. ഇതോടെ അച്ചടക്കം പാലിക്കണമെന്ന് വിദ്യാർഥികളോട് പറഞ്ഞു. തുടർന്ന് ക്ലാസെടുക്കാൻ ആരംഭിച്ചതോടെയാണ് ഒരുകൂട്ടം വിദ്യാർഥികൾ അതിക്രമം കാട്ടിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം, സംഭവത്തിൽ വിദ്യാർഥികൾക്കെതിരേ പരാതിയൊന്നും നൽകേണ്ടതില്ലെന്നാണ് അധ്യാപകന്റെ തീരുമാനം. അവരുടെ ഭാവിയെ കരുതിയാണ് ഈ തീരുമാനമെന്നും അധ്യാപകൻ പറഞ്ഞു.