ഇസ്രായേല്‍ ഉപരോധത്തെ തുടര്‍ന്ന് ഗസ്സയിലെ ഏക വൈദ്യുതിനിലയവും പ്രവര്‍ത്തനം നിര്‍ത്തി.
ഗസ്സ: ഇസ്രായേല്‍ ഉപരോധത്തെ തുടര്‍ന്ന് ഗസ്സയിലെ ഏക വൈദ്യുതിനിലയവും പ്രവര്‍ത്തനം നിര്‍ത്തി. ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് വൈദ്യുതിനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.
ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഗസ്സക്ക് മേല്‍ ഇസ്രായേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഭക്ഷണവും വെള്ളവും പോലും നല്‍കാതെയായിരുന്നു ഇസ്രായേലിന്റെ ഉപരോധം.
ഗസ്സക്കുള്ള ഇന്ധനവിതരണവും ഇസ്രായേല്‍ നിര്‍ത്തിയിരുന്നു. ഇതോടെയാണ് ഗസ്സയിലെ ഏക വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താൻ അധികൃതര്‍ നിര്‍ബന്ധിതരായത്. തിങ്കളാഴ്ചയാണ് ഗസ്സക്ക് മേല്‍ സമ്ബൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഇസ്രായേല്‍ അറിയിച്ചത്. ഗസ്സയുടെ തീരപ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുകയാണ്.
അതേസമയം, യു.കെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി ഇസ്രായേലിലെത്തി. രാജ്യത്തിനുള്ള പിന്തുണ അറിയിക്കുന്നതിനാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ വ്യാഴാഴ്ച ഇസ്രായേലിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം നാലായെന്ന് റെഡ് ക്രസന്റ് അറിയിച്ചു. നേരത്തെ മൂന്ന് പേര്‍ മരിച്ചുവെന്നാണ് റെഡ് ക്രസന്റ് അറിയിച്ചിരുന്നത്.