ആകാശമിറങ്ങിയ ഇസ്രായേല്‍ ക്രൂരതയില്‍ ഗസ്സയുടെ മണ്ണില്‍ മരിച്ചു വീണ് ആയിരത്തിലേറെ ഫലസ്തീനി കുഞ്ഞുങ്ങള്‍.
ഗസ്സ സിറ്റി/ജറൂസലം: ആകാശമിറങ്ങിയ ഇസ്രായേല്‍ ക്രൂരതയില്‍ ഗസ്സയുടെ മണ്ണില്‍ മരിച്ചു വീണ് ആയിരത്തിലേറെ ഫലസ്തീനി കുഞ്ഞുങ്ങള്‍.
തകര്‍ന്ന് കല്‍ക്കൂനകളായി മാറിയ കെട്ടിടങ്ങള്‍ക്കിടയില്‍ അഞ്ഞൂറിലേറെ കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നുവെന്നും ചൊവ്വാഴ്ച ഗസ്സ ആരോഗ്യവകുപ്പ് അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ ദക്ഷിണ ഗസ്സയിലെ റഫയിലും ഖാൻ യൂനുസിലും നടന്ന ഇസ്രായേല്‍ ബോംബാക്രമണത്തില്‍ 80ലേറെ പേരാണ് മരിച്ചത്. വടക്കൻ ഗസ്സയില്‍നിന്ന് പലായനം ചെയ്തവര്‍ എത്തിച്ചേര്‍ന്ന പ്രദേശങ്ങളിലാണ് ഇസ്രായേല്‍ ക്രൂരത.
ഗസ്സക്ക് വെള്ളം എത്തിക്കാൻ എല്ലാശ്രമവും നടത്തുകയാണെന്ന് ഇസ്രായേലില്‍ തമ്ബടിച്ച യു.എസ് നേതൃത്വം പറയുമ്ബോഴും ഫലസ്തീനികള്‍ കുടിവെള്ളത്തിനായി മെഡിറ്ററേനിയൻ തീരങ്ങളില്‍ കുഴിയെടുത്ത് ഉപ്പുവെള്ളം ശേഖരിക്കുന്ന ദുരന്തകാഴ്ചയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. കൃഷിക്ക് ഉപയോഗിക്കുന്ന ഉപ്പുവെള്ളം കുടിക്കാൻ നിര്‍ബന്ധിതരായിരിക്കുകയാണ് ഗസ്സക്കാര്‍.
”പകര്‍ച്ചവ്യാധികള്‍ കണ്ടുതുടങ്ങി. കുട്ടികളില്‍ നിര്‍ജലീകരണവും. അന്താരാഷ്ട്രസമൂഹത്തിന് കൈകാര്യം ചെയ്യാനാകാത്തവിധം ജനങ്ങള്‍ മരിച്ചുവീഴുന്നതാണ് ഇനി കാണേണ്ടിവരുക. വംശഹത്യക്ക് സമാനമാണ് അവസ്ഥ. യുദ്ധക്കുറ്റവും മാനവികതക്കെതിരായ കുറ്റവുമാണ് അരങ്ങേറുന്നത്. ജനങ്ങളെ കൊല്ലാൻ ഔദ്യോഗിക തീരുമാനമാണ് ഉണ്ടായിരിക്കുന്നത്” -സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ, കരയാക്രമണവുമായി ബന്ധപ്പെട്ട് തങ്ങള്‍ ഏറെ ആശയക്കുഴപ്പത്തിലാണെന്ന സൂചന നല്‍കി ഇസ്രായേല്‍ സൈന്യം. തങ്ങളുടെ കരയുദ്ധം അല്‍പം വ്യത്യസ്തമാണെന്നും അടുത്ത ഘട്ടത്തിനായി തയാറെടുത്തുകൊണ്ടിരിക്കുകയാണെന്നും ഇസ്രായേല്‍ സേനാവക്താവ് ലെഫ്റ്റനന്റ് കേണല്‍ റിച്ചാര്‍ഡ് ഹെച്ച് പറഞ്ഞു. ഗസ്സയിലേക്ക് ഉടൻ കടന്നുകയറുമെന്ന ഭീഷണിമുഴക്കി ജനങ്ങള്‍ക്ക് അന്ത്യശാസനം നല്‍കിയ ഇസ്രായേല്‍ ആക്രമണം വൈകിപ്പിക്കുന്നത് നിരവധി ആശങ്കകള്‍ കാരണമാണെന്നാണ് വിലയിരുത്തല്‍.
ഇതിനിടെ, ലബനാനില്‍ ഇസ്രായേല്‍ ചൊവ്വാഴ്ച നടത്തിയ ആക്രമണത്തില്‍ നാല് ഹിസ്ബുല്ല പോരാളികള്‍ കൊല്ലപ്പെട്ടു. ദിവസങ്ങള്‍ക്കിടെ രാജ്യത്തെ ഏറ്റവും വലിയ ആള്‍നാശമാണിത്. തിരിച്ചടിയായി, ലബനാനില്‍നിന്ന് വടക്കൻ ഇസ്രായേല്‍ ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെ മേഖലയിലെ സിവിലിയന്മാരോട് ഒഴിഞ്ഞുപോകാൻ ഇസ്രായേല്‍ സൈന്യം നിര്‍ദേശിച്ചു. അതിര്‍ത്തിയിലെ പ്രകോപനം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന് ലബനാൻ.
●11 ദിവസം കഴിഞ്ഞ ഗസ്സ ആക്രമണത്തില്‍ മരണം 3000 കവിഞ്ഞു. ഇതില്‍ മൂന്നിലൊന്നും കുട്ടികളാണ്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ 1200 പേര്‍ പേര്‍ അകപ്പെട്ടുകിടക്കുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
●യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഇസ്രായേലിലെത്തും. കരവഴി ഗസ്സയെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതികള്‍ മനസ്സിലാക്കാനാണ് സന്ദര്‍ശനമെന്നാണ് സൂചന. ഹമാസില്‍നിന്ന് ഇസ്രായേലിനെ പ്രതിരോധിക്കല്‍ യു.എസിന്റെ അവകാശവും ചുമതലയുമാണെന്ന് ബൈഡൻ പറഞ്ഞു.
●ഇസ്രായേല്‍ ഗസ്സയിലേക്ക് കടന്നുകയറുംമുമ്ബുതന്നെ അവരെ ആക്രമിക്കാൻ തങ്ങളെ അനുകൂലിക്കുന്ന ഗ്രൂപ്പുകള്‍ക്ക് കഴിയുമെന്ന് ഇറാൻ.
●വൈദ്യുതി ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാനുള്ള ഇന്ധനമില്ലാത്തതുകാരണം മിക്ക ആശുപത്രികളും അപകടാവസ്ഥയില്‍. യു.എൻ നടത്തുന്ന ഭക്ഷ്യവിതരണകേന്ദ്രങ്ങള്‍ പൂട്ടിയതിനാല്‍ അഞ്ചു ലക്ഷം ജനങ്ങള്‍ക്ക് റേഷൻ ഇല്ല.