ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന കേസ്: പ്രതികളുടെ മുൻ‌കൂർജാമ്യം സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു

November 22, 2021
377
Views

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതിയായ ഇന്റലിജൻസ് ബ്യൂറോ മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ ഉൾപ്പടെയുള്ളവർക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം മുൻകൂർ ജാമ്യത്തിന് എതിരെ സിബിഐ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സിബിഐയുടെ ഹർജികൾ നവംബർ 29 ന് പരിഗണിക്കാനായി മാറ്റി.

കേസിലെ പ്രതികളായ എസ് വിജയൻ, തമ്പി എസ് ദുർഗ്ഗാദത്ത്, ആർ ബി ശ്രീകുമാർ, പിഎസ് ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. ദേശിയ പ്രാധാന്യമുള്ള കേസിലെ വസ്തുതകൾ കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് സിബിഐയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ് വി രാജു വാദിച്ചു.

ചാരകേസിൽ നമ്പി നാരായണൻ ഉൾപ്പടെയുള്ള ശാസ്ത്രജ്ഞരെ കുടുക്കാൻ വിദേശ രാജ്യങ്ങളിലെ ഏജൻസികളുമായി കേസിലെ പ്രതികളായ മുൻ ഐ ബി ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി എന്ന് സിബിഐ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ചാരകേസ് കാരണം ക്രയോജിനിക് സാങ്കേതിക വിദ്യയുടെ വികസനത്തിൽ ഇന്ത്യ ഇരുപത് വർഷത്തോളം പിന്നാക്കം പോയെന്നും എസ് വി രാജു കോടതിയിൽ വ്യക്തമാക്കി.

പ്രതികൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകരായ കാളീശ്വരം രാജ്, അപർണ ഭട്ട് എന്നിവർ ഹാജരായി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *