ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. ഫോണ്‍ചോര്‍ത്തല്‍, കാര്‍ഷിക നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസും സിപിഐഎമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അടിയന്തിര പ്രമേയത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അവതരണാനുമതി ലഭിച്ചില്ലെങ്കില്‍ ഇന്നും പ്രതിപക്ഷം നടുത്തളത്തില്‍ പ്രതിഷേധിയ്ക്കും
പെഗാസസ് ചോര്‍ത്തലിനെതിരെ ബഹളം വച്ച പ്രതിപക്ഷ എംപിമാര്‍ക്കെതിരെ ബിജെപി ഇന്ന് നടപടി ആവശ്യപ്പെടും. കേരളത്തിലെ മൂന്ന് എംപിമാര്‍ ഉള്‍പ്പടെ 12 പേര്‍ക്കെതിരെ നടപടി വേണമെന്നാണ് ബിജെപിയുടെ ആവശ്യം. അതേസമയം സ്പീക്കര്‍ താക്കീത് ചെയ്ത സാഹചര്യത്തില്‍ തുടര്‍നടപടിക്ക് സാധ്യതയില്ല എന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം.
ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, എ എം ആരിഫ് എന്നിവര്‍ ഉള്‍പ്പടെ 12 പേരെയാണ് സ്പീക്കര്‍ വിളിച്ചു വരുത്തി താക്കീത് ചെയ്തത്. പെഗാസസ് സോഫ്റ്റ്!വെയര്‍ ചോര്‍ച്ചയില്‍ കഴിഞ്ഞ എട്ട് ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചിരുന്നു. ഇന്നും ഇക്കാര്യത്തില്‍ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം.
പാര്‍ലമെന്റില്‍ പ്രതിപക്ഷം സഹകരിച്ചില്ലെങ്കില്‍ ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇന്നലെ ലോകസഭയില്‍ ചര്‍ച്ച കൂടാതെ പാസാക്കിയത് രണ്ട് ബില്ലുകളാണ്. ചെറുകിട, ഇടത്തരം വ്യവസായമേഖലയെ ബാധിക്കുന്ന ഫാക്ടറിംഗ് റെഗുലേഷന്‍ ഭേദഗതി ബില്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി ബില്‍ എന്നിവയാണ് പാസാക്കിയത്. ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ ബില്ലുകളും ഈ സമ്മേളന കാലത്ത് തന്നെ പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.