മസ്കറ്റ്: ഒരു ചക്കയ്ക്ക് എഴുപതിനായിരം ഇന്ത്യൻ രൂപ വില! ചക്ക വാങ്ങിയതാകട്ടെ ഒരു മലയാളിയും. മസ്കറ്റിലെ ചാവക്കാട്ടുകാരായ പ്രവാസികളാണ് ‘ചക്കലേല’ത്തിലൂടെ റെക്കോഡിട്ടത്.
335 ഒമാനി റിയാല്‍ വിലയ്ക്കാണ് ഇവർ ചക്ക ലേലത്തില്‍ പിടിച്ചത്. അതായത് ഏതാണ് മുക്കാല്‍ ലക്ഷം രൂപയോളം. ഈ തുകയ്ക്ക് മസ്കറ്റില്‍ നിന്നും കേരളത്തില്‍ പോയി വമ്ബൻ ഒരു ചക്കയുമായി തിരിച്ചെത്താം. പക്ഷേ ലേലം വിളിയുടെ വാശിയില്‍ ഇങ്ങനെയുള്ള ചിന്തകള്‍ക്കൊന്നും സ്ഥാനമുണ്ടായിരുന്നില്ല.
ഒമാനിലെ ചാവക്കാട്ടുകാരുടെ കൂട്ടായ്മയായ ‘നമ്മള് ചാവക്കാട്ടുകാരു’ടെ കുടുംബ സംഗമമായിരുന്നു ലേല വേദി. പത്ത് ഒമാനി റിയാല്‍ അടിസ്ഥാനവിലയിട്ടാണ് ലേലം തുടങ്ങിയത്. ആവേശം കൊടുമുടി കയറിയപ്പോള്‍ നാടൻ വരിക്ക ചക്കയുടെ വിലയും കത്തിക്കയറി. ഒടുവിലാണ് ഏതാണ്ട് എഴുപത്തിരണ്ടായിരം ഇന്ത്യൻ രൂപയ്ക്ക് ലേലം ഉറപ്പിച്ചത്.
ഷഹീർ ഇത്തിക്കാടാണ് മകള്‍ നൗറീൻ ഷഹീറിന്റെ ആഗ്രഹം നിറവേറ്റാൻ ചക്ക ലേലത്തില്‍ പിടിച്ചത്. കഴിഞ്ഞ വർഷവും ഇതേ പരിപാടിയില്‍ ചക്ക ലേലം സംഘടിപ്പിച്ചിരുന്നു. അന്ന് ഇരുപത്തിയയ്യായിരം ഇന്ത്യൻ രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്.