സിനിമ എന്ന മായിക ലോകത്ത് മിന്നി തിളങ്ങിയവരെ മാത്രമല്ല നമ്മൾ പ്രേക്ഷകർ ഓർത്തിരിക്കുന്നത്, വളരെ ചെറിയ കഥാപാത്രങ്ങൾ ആണെങ്കിൽ പോലും അത് നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയാണ് എങ്കിൽ എക്കാലവും അവരെ ഓര്മിക്കപെടും. ഇപ്പോഴിതാ അത്തരത്തിൽ ഒരുപക്ഷെ പേര് പോലും നമ്മളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു നടനെ കുറിച്ചുള്ള വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. മീശമാധവൻ എന്ന സിനിമയിൽ പട്ടാളം പുരുഷു എന്ന കഥാപാത്രം അവതരിപ്പിച്ച നടൻ ജെയിംസ് ചാക്കോ ഇന്നും നമ്മളുടെ ഇഷ്ട താരമാണ്, എന്നാൽ അദ്ദേഹം ഇന്ന് ഈ ലോകത്തില്ലെന്നും, വിടപറഞ്ഞിട്ട് 16 വർഷങ്ങൾ കഴിഞ്ഞെന്നും മലയാളികളിൽ പലരും ഇപ്പോഴിതാ ഒരു ഞെട്ടലോടെയാണ് കേട്ടത്.
തന്റെ അച്ഛനെ കുറിച്ച് ജെയിംസ് ചാക്കോയുടെ മകൻ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക് ഗ്രൂപ്പിൽ ജെയിംസ് ചാക്കോയുടെ മകൻ ജിക്കു ജെയിംസ്. അദ്ദേഹം കുറിച്ചത് ഇങ്ങനെ, “Oct – 16, ഇന്ന് അപ്പന്റെ ജന്മദിനമാണ്. വർഷങ്ങൾ ഇത്രേയുമായിട്ടും മലയാളികളുടെ മനസ്സിൽനിന്ന് മാറാതെ നിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്തതുകൊണ്ടാവാം, ഇന്നും അറിയുന്ന പലരും അപ്പൻ ഈ ലോകത്തില്ല എന്ന് പറയുമ്പോൾ ഞെട്ടുന്നത്. ഈ ലോകത്തോട് വിടപറഞ്ഞിട്ടു 16 കൊല്ലം ആയെങ്കിലും, ആളുകളുടെ മനസ്സിൽ മായാതെ കിടക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ.
മലയാളികൾ ഒരിക്കലും മറക്കാത്ത മനോഹരമായ ഈ കഥാപാത്രങ്ങൾ സമ്മാനിച്ച സിനിമയിലെ സുഹൃത്തുക്കളോട് നന്ദി പറയുന്നു.. ഈ ലോകത്തുനിന്ന് വിട്ടുപോയെങ്കിലും ഇപ്പോഴും കൂടെയുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു.. സ്വർഗത്തിൽ കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്ന ഈ വീഡിയോ പോകുന്നതിനു മുന്നേ തയാറാക്കി എന്ന് വേണം കരുതാൻ. Love you Appa ” എന്നായിരുന്നു മകൻ ജിക്കു കുറിച്ചത്.
പലരും വളരെ ഞെട്ടലോടെയാണ് ഈ കുറിപ്പ് വായിച്ചത്. 150 ലധികം മലയാള സിനിമകളിൽ അഭിനയിച്ച നടനായിരുന്ന കടുത്തുരുത്തി ജെയിംസ് എന്നറിയപ്പെടുന്ന ജെയിംസ് ചാക്കോ . മൂന്ന് പതിറ്റാണ്ടിലേറെ അദ്ദേഹം മലയാള സിനിമ ലോകത്ത് സജീവമായിരുന്നു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ, ആർട്ട് ആൻഡ് പ്രൊഡക്ഷൻ മാനേജരായി സിനിമയിൽ എത്തിയ അദ്ദേഹം പിന്നീട് നടൻ നെടുമുടി വേണുവിന്റെ മാനേജരായിരുന്നു.
അതിനു ശേഷം സിനിമ ലോകത്ത് അദ്ദേഹത്തിന് നല്ല ബന്ധങ്ങളും സുഹൃത്തുക്കളും ഉണ്ടായി, അങ്ങനെ ന്യൂഡൽഹി,പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, മീശമാധവൻ,പത്രം, ഒരു മറവത്തൂർ കനവ്, എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്ന ആളാണ് ജെയിംസ് ചാക്കോ. 2007 ജൂൺ 14ന് ഹൃദയസ്തംഭനത്തെത്തുടർന്ന് ആയിരുന്നു അദ്ദേഹത്തിന്റെ മരണം. ഇന്ന് അദ്ദേഹത്തിൻ്റെ ജന്മദിനമായിരുന്നു. 1955 ഒക്ടോബർ 16 നായിരുന്നു അദ്ദേഹത്തിന്റെ ജനനം.