അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍, തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത ഉള്‍പ്പെടെയുള്ളവരില്‍നിന്ന് പിടിച്ചെടുത്ത കോടികള്‍ വില വരുന്ന ജംഗമവസ്തുക്കള്‍ വൈകാതെ തമിഴ്‌നാട് സർക്കാരിന് സ്വന്തമാകും.
അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍, തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത ഉള്‍പ്പെടെയുള്ളവരില്‍നിന്ന് പിടിച്ചെടുത്ത കോടികള്‍ വില വരുന്ന ജംഗമവസ്തുക്കള്‍ വൈകാതെ തമിഴ്‌നാട് സർക്കാരിന് സ്വന്തമാകും.
ബെംഗളുരുവില്‍ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതല്‍ കൈപ്പറ്റാൻ ആറ് വലിയ പെട്ടികളുമായി മാർച്ച് ആദ്യ വാരം എത്താൻ തമിഴ്നാട് സർക്കാരിന് കോടതി നിർദേശം നല്‍കി.
സ്വർണ-വജ്ര-വെള്ളി ആഭരണങ്ങള്‍, സ്വർണ-വെള്ളി-പാത്രങ്ങള്‍, സാരികള്‍, ചെരുപ്പുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കോടികള്‍ വിലവരുന്ന വസ്തുക്കളാണ് തമിഴ്നാട് സർക്കാരിന് വിട്ടുനല്‍കുന്നത്. ഇവ കൈപ്പറ്റാൻ പെട്ടികളുമായി മാർച്ച് ആറ്, ഏഴ് തിയ്യതികളില്‍ എത്താനാണ് ബെംഗളുരു 32-ാം അഡീഷണല്‍ സിറ്റി സിവില്‍ ആൻഡ് സെഷൻസ് കോടതി തമിഴ്നാട് സർക്കാരിനോട് നിർദേശിച്ചിരിക്കുന്നത്.
കോടതി നിർദേശപ്രകാരം തമിഴ്നാട് സർക്കാർ ചുമതലപ്പെടുത്തിയ ആഭ്യന്തര പ്രിൻസിപ്പല്‍ സെക്രട്ടറിയും വിജിലൻസ് ഐ ജിയും നേരിട്ടെത്തി വേണം തൊണ്ടിമുതല്‍ കൈപ്പറ്റാൻ. രണ്ടു ദിവസമെടുത്ത് വസ്തുക്കള്‍ എണ്ണിത്തിട്ടപ്പെടുത്തി കൊണ്ടുപോകാനാണ് നിർദേശിച്ചിരിക്കുന്നത്. മുഴുവൻ നടപടിക്രമങ്ങളും വീഡിയോയില്‍ ചിത്രീകരിക്കണമെന്നും ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കണമെന്നും കോടതി നിർദേശിച്ചു.
കേസ് നടത്തിപ്പിന് കർണാടകയ്ക്ക് ചെലവായ അഞ്ച് കോടി രൂപ ഡിമാൻഡ് ഡ്രാഫ്റ്റായി തമിഴ്‌നാട് നല്‍കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും പണം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ കിരണ്‍ ജവുളി പറഞ്ഞു. മാർച്ച് ആറിന് ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
800 കിലോഗ്രാം വെള്ളി, 28 കിലോഗ്രാം സ്വർണം, വജ്രാഭരണങ്ങള്‍, പതിനായിരത്തോളം പട്ട് സാരികള്‍, 250 ഷാള്‍, 750 ചെരുപ്പ്, 12 ഫ്രിഡ്ജ്, 44 എസി, 91 വാച്ചുകള്‍ തുടങ്ങിയവയായിരുന്നു ജയലളിതയുടെ വീടായ വേദ നിലയത്തില്‍നിന്ന് പിടിച്ചെടുത്തത്. 1996 ല്‍ രജിസ്റ്റർ ചെയ്യപ്പെട്ട അനധികൃത സ്വത്തുസമ്ബാദന കേസിന്റെ വിചാരണ രാഷ്ട്രീയ ഇടപെടല്‍ ചൂണ്ടിക്കാട്ടി ബെംഗളുരുവിലേക്ക് മാറ്റിയതോടെയായിരുന്നു തൊണ്ടിമുതല്‍ ചെന്നൈ ആർ ബി ഐയില്‍നിന്ന് ബെംഗളുരുവിലെത്തിച്ചത്.
മൂന്നു ദിവസമെടുത്തായിരുന്നു അന്ന് ഉദ്യോഗസ്ഥർ തൊണ്ടിമുതല്‍ എണ്ണിത്തിട്ടപ്പെടുത്തിയതും മതിപ്പുവില നിശ്ചയിച്ചതും. 2003 മുതല്‍ ഇതുവരെ കർണാടക ഹൈക്കോടതിയുടെ തൊണ്ടിമുതല്‍ സൂക്ഷിപ്പ് കേന്ദ്രത്തില്‍ അതീവ സുരക്ഷാ വലയത്തില്‍ സൂക്ഷിച്ചുപോരുകയായിരുന്നു ഇവ.
കേസിലെ പ്രതികളായ ജയലളിത ഒഴികെയുള്ളവർ കോടതി വിധിച്ച ശിക്ഷ അനുഭവിച്ചു തീർന്ന സാഹചര്യത്തിലായിരുന്നു കേസിലെ തൊണ്ടിമുതല്‍ എന്ത് ചെയ്യുമെന്ന ചോദ്യമുയർന്നത്. തൊണ്ടി മുതല്‍ ലേലം ചെയ്യണമെന്ന നിർദേശം പൊതുതാല്പര്യ ഹർജിയായി വന്നിരുന്നെങ്കിലും തമിഴ് നാടിനു തിരിച്ചുനല്‍കാനായിരുന്നു പ്രത്യേക സിബിഐ കോടതി തീരുമാനിച്ചത്. ഇതിനിടയില്‍ തൊണ്ടി മുതലില്‍ അവകാശവാദമുന്നയിച്ച് ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് സർക്കാർ അന്വേഷണ ഏജൻസികള്‍ പിടിച്ചെടുക്കുന്ന സ്ഥാവര – ജംഗമ വസ്തുക്കളില്‍ അനന്തരാവകാശം സ്ഥാപിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.