പോണേക്കര ഇരട്ടക്കൊലപാതകം കേസ്; 17 വർഷങ്ങൾക്ക് ശേഷം റിപ്പർ ജയാനന്ദൻ പിടിയിൽ

December 27, 2021
348
Views

കൊച്ചി: പോണേക്കര ഇരട്ടക്കൊലപാതക കേസില്‍ 17 വര്‍ഷങ്ങള്‍ക്കു ശേഷം റിപ്പര്‍ ജയാനന്ദനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. 2004 മേയ് 30നാണ് പോണേക്കര റോഡില്‍ ചേന്നംകുളങ്ങര ക്ഷേത്രത്തിനു സമീപം കോശേരി ലെയിനില്‍ ‘സമ്പൂര്‍ണ’യില്‍ റിട്ട. പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫിസര്‍ വി.നാണിക്കുട്ടി അമ്മാള്‍ (73), സഹോദരിയുടെ മകന്‍ ടി.വി.നാരായണ അയ്യര്‍ (രാജന്‍-60) എന്നിവര്‍ കൊല്ലപ്പെട്ടത്.

പുത്തന്‍വേലിക്കരയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തതിനെ തുടർന്നു ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്. സഹതടവുകാരുമായി വിവരങ്ങള്‍ പങ്കുവച്ചതാണ് കേസിനു തുമ്പായത്. നിലവില്‍ ഇയാള്‍ക്കെതിരെ 8 കൊലപാതകക്കേസുണ്ട്. 2 പ്രാവശ്യം ജയില്‍ ചാടിയിരുന്നു.

ടി.വി.നാരായണനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വയോധികയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. 44 ഗ്രാം സ്വര്‍ണവും 15 ഗ്രാം വെള്ളിയും മോഷ്ടിച്ചാണ് പ്രതി മുങ്ങിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍, സ്ത്രീക്ക് തലയിലും മുഖത്തുമായി 12 മുറിവുകളും മൂക്കിന്റെ അസ്ഥിക്കു പൊട്ടലും ഉണ്ടായെന്നു കണ്ടെത്തിയിരുന്നു. തലയ്ക്കും മുഖത്തുമേറ്റ മുറിവുകളായിരുന്നു മരണ കാരണം.

കളമശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കാര്യമായ ഫലം കണ്ടില്ല. തുടര്‍ന്ന് നാട്ടുകാര്‍ ആക്‌ഷൻ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധം ഉയര്‍ത്തിയതോടെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. പറവൂര്‍, മാള, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ സമാനരീതിയില്‍ കൊല നടത്തിട്ടുള്ളവരിലേയ്ക്ക് അന്വേഷണം നീണ്ടെങ്കിലും ഫലമുണ്ടായില്ല. ഇത്തരത്തില്‍ കുറ്റകൃത്യം നടത്തിയിരുന്ന റിപ്പര്‍ ജയാനന്ദനിലേയ്ക്കും അന്വേഷണം നീണ്ടിരുന്നു. ഇയാളെ പലപ്രാവശ്യം വിളിച്ചു ചോദ്യം ചെയ്‌തെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല.

ഇതിനിടെ, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ മൂന്നു പേര്‍ മാത്രമുള്ള അതീവ സുരക്ഷാ സെല്ലില്‍ ഇയാള്‍ക്കു ലഭിച്ച ആത്മാര്‍ഥ സുഹൃത്തിനോടാണ് രഹസ്യം വെളിപ്പെടുത്തിയത്. തൃശൂരിലെ കോടതിയില്‍ ഒരു കേസ് ഒഴിവായി പോയതിന്റെ സന്തോഷം പങ്കുവച്ചാണ് ഇക്കാര്യം പറഞ്ഞത്. ഇയാളിലൂടെ ജയാനന്ദനിലേയ്‌ക്കെത്തിയ ക്രൈംബ്രാഞ്ച് അന്ന് കുറ്റവാളിയെ കണ്ടു എന്നു മൊഴി നല്‍കിയിരുന്ന അയല്‍വാസിക്കായി തിരിച്ചറിയല്‍ പരേഡ് നടത്തി. ഇദ്ദേഹം തിരിച്ചറിഞ്ഞതോടെ കുറ്റവാളിയെ ഉറപ്പാക്കുകയായിരുന്നു.

തുടര്‍ന്ന് ഡിസംബര്‍ 15ന് ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇന്നാണ് അറസ്റ്റ് വിവരം പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടത്. പ്രതിയുടെ ഡിഎന്‍എ പ്രൊഫൈലിങ്ങിനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്. 2003 മുതല്‍ 2006 വരെയുള്ള മൂന്നു വര്‍ഷത്തിനിടെ എട്ടു പേരെയാണ് ജയാനന്ദന്‍ കൊലപ്പെടുത്തിയിട്ടുള്ളത്. പുത്തന്‍വേലിക്കരയില്‍ സ്ത്രീയ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇയാളുടെ ശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ഇളവു നല്‍കിയിരുന്നു.

വടക്കേക്കര സ്റ്റേഷന്‍ പരിധിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനു പുറമേ 15 മോഷണക്കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. എട്ടു കേസുകളിലാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. 2013ല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നു ജയില്‍ ചാടിയ കേസുകളിലും ശിക്ഷിക്കപ്പെട്ടു. എല്ലാ കേസുകളിലുമുള്ള ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് പോണേക്കര കേസില്‍ അറസ്റ്റിലായത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *