മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ രാജ്യസഭയിലേക്ക്. കോൺഗ്രസ് ജയിക്കുന്ന ഏക സീറ്റിൽ സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.
ആലുവ നഗരസഭ ഉപാധ്യക്ഷയായ ജെബി മേത്തർ നിലവിൽ കെ പി സി സി സെക്രട്ടറിയും എഐസിസി അംഗവുമാണ്.എം ലിജു എം എം ഹസൻ, ജെബി മേത്തർ എന്നിവരുടെ പേരുകളിക്ക് അന്തിമ പട്ടികയിൽ ഇടം പിടിച്ചത്.
കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ളവർ ഇല്ലെന്നതും ജെബി മേത്തറിനെ സ്ഥാനാർത്ഥിയായി പരിഗണിക്കാൻ ഇടയാക്കി. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായിരുന്ന പ്രവർത്തന മികവും സമരങ്ങളിലെ സജീവ സാന്നിധ്യമെന്നതും ജെബിക്ക് അനുകൂല ഘടകമായി.
1980 ൽ ലീലാ ദാമോദരമേനോനു ശേഷം ആദ്യമായാണ് കേരളത്തിൽ നിന്ന് കോൺഗ്രസിന് രാജ്യസഭയിൽ വനിതാ പ്രാതിനിധ്യം ഉണ്ടാകുന്നത്.മുൻ കെപിസിസി പ്രസിഡൻ്റ് ടി ഒ ബാവയുടെ കൊച്ചു മകളും കോൺഗ്രസ് നേതാവ് കെഎം ഐ മേത്തറുടെ മകളുമാണ് ജെബി. ഡോ. ഹിഷാമാണ് ഭർത്താവ് .
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് കോൺഗ്രസ് വിട്ടതോടെയാണ് ജെബി മേത്തർ മഹിളാ കോൺഗ്രസ് അധ്യക്ഷ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത്.