മലപ്പുറം: തനിക്കു നേരെ വധഭീഷണി അടക്കം ഉയര്‍ത്തി നിരവധി ഭീഷണി ഫോണ്‍കോളുകള്‍ വരുന്നതായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ചെമ്ബരിക്ക ഖാസി സിഎം അബ്ദുല്ല മുസ്ലിയാരുടെയും മറ്റു പലരുടെയും അനുഭവം ഉണ്ടാകുമെന്ന് പലരും വിളിച്ചു ഭീഷണിപ്പെടുത്തുന്നു എന്നും ജിഫ്രി തങ്ങള്‍ വെളിപ്പെടുത്തി. ചെമ്ബരിക്ക-മംഗലാപുരം ഖാസിയും സമസ്തയുടെ മുതിര്‍ന്ന നേതാവുമായിരുന്ന സി എം അബദുല്ല മൗലവിയെ 2010 ഫെബ്രുവരി 15ന് പുലര്‍ച്ചെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
‘ഒരു പ്രസ്ഥാനവുമായി മുന്നോട്ടുപോകുമ്ബോള്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാകും. പല ഓഫറുകളും ഇപ്പോഴുണ്ട്. സി എമ്മിന്റെ (ചെമ്ബരിക്ക ഖാസി സിഎം അബ്ദുല്ല മുസ് ലിയാര്‍) അനുഭവം ഉണ്ടാകും, മറ്റു ചിലരുടെ അനുഭവമുണ്ടാകും എന്നെല്ലാം പല വിവരമില്ലാത്തവരും വിളിച്ചുപറയുന്നുണ്ട്. അങ്ങനെ എന്തെങ്കിലും അനുഭവം എനിക്കുണ്ടായിട്ടുണ്ടെങ്കില്‍ എന്നെക്കുറിച്ച് എഴുതുന്നവരെ പിടിച്ചാല്‍ മതി. ഞാന്‍ അതുകൊണ്ടൊന്നും പിറകോട്ട് പോകുന്ന ആളല്ല. ധൈര്യത്തോട് കൂടി തന്നെ മുന്നോട്ടുപോകും. അങ്ങനെയാണ് മരണമെങ്കില്‍ ചെലപ്പോള്‍ അങ്ങനെയാകും. അല്ലാഹു ഈമാനോടു കൂടി മരിക്കാന്‍ തൗഫീഖ ചെയ്യട്ടെ’ – തങ്ങള്‍ പറഞ്ഞു.
അങ്ങനെ വല്ലതും സംഭവിച്ചാല്‍ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതിയെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. മലപ്പുറം ആനക്കയത്ത് അഖില കേരള ഹിഫ്ള് കോളജ് ആര്‍ട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് വിഷയത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് മുസ്ലിംലീഗ് ആഹ്വാനം ചെയ്ത സമര പരിപാടിയെ തള്ളി പരസ്യ നിലപാട് എടുത്ത സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അടക്കം വിമര്‍ശനം തുടരുന്നതിനിടെയാണ് ഭീഷണികളെ കുറിച്ച് ജിഫ്രി തങ്ങള്‍ വെളിപ്പെടുത്തുന്നത്.
നേരത്തെ ചിലര്‍ തന്നെ യൂദാസെന്ന് വിളിക്കുന്നുണ്ടെന്ന് യുഎഇയില്‍ വെച്ച് നടന്ന പൊതുപരിപാടിയിലും വിമര്‍ശനങ്ങളെ പരാമര്‍ശിച്ച് തങ്ങള്‍ പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ പലരും തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.