റിലയന്‍സ് ജിയോയുടെ പുതിയ ജിയോ എയര്‍ഫൈബര്‍ സേവനം ആരംഭിച്ചു.
റിലയന്‍സ് ജിയോയുടെ പുതിയ ജിയോ എയര്‍ഫൈബര്‍ സേവനം ആരംഭിച്ചു. അഹമ്മദാബാദ്, ബെംഗളുരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്,കൊല്‍ക്കത്ത, മുംബൈ, പൂണെ എന്നീ 8 നഗരങ്ങളിലാണ് എയര്‍ഫൈബര്‍ സേവനം ആദ്യ ഘട്ടത്തില്‍ ലഭിക്കുക.
5ജി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന പുതിയ വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനമാണ് ജിയോ എയര്‍ ഫൈബര്‍. സാധാരണ ഫൈബര്‍ ഒപ്റ്റിക് സേവനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഡാറ്റാ വേഗതയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 1.5 ജിബിപിഎസ് വരെ വേഗത ഇതില്‍ ആസ്വദിക്കാനാവും.
ഫൈബര്‍ കേബിളുകള്‍ ഇതിന് വേണ്ട. വയര്‍ലെസ് സിഗ്നലുകള്‍ ഉപയോഗിച്ചാണ് ഇത് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നത്. ജിയോ ടവറുകളില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കുന്ന ഇടമായിരിക്കണം എന്ന് മാത്രം. പഴയ ജിയോഫൈ ഹോട്ട്‌സ്‌പോട്ടിന്റെ 5ജി പതിപ്പാണ് ഇതെന്ന് പറയാം.
ജിയോ ഫൈബറിന് സെക്കന്റില്‍ ഒരു ജിബിയാണ് പരമാവധി വേഗമെങ്കില്‍ ജിയോ എയര്‍ഫൈബറില്‍ സെക്കന്റില്‍ 1.5 ജിബി വേഗമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ജിയോ ടവറില്‍ നിന്നുള്ള റേഞ്ചിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ വേഗത്തില്‍ മാറ്റങ്ങള്‍ വരും. ഫൈബര്‍ കേബിളുകള്‍ വീടുകളിലും ഓഫീസുകളിലും എത്തിച്ചാണ് ജിയോ ഫൈബര്‍ സേവനം ലഭ്യമാവുക. എന്നാല്‍ ജിയോ എയര്‍ ഫൈബര്‍ ഉപകരണം വാങ്ങി ജിയോ ടവര്‍ റേഞ്ചുള്ള എവിടെ വേണമെങ്കിലും പ്ലഗ്ഗില്‍ കണക്റ്റ് ചെയ്ത് ഉപയോഗിച്ച് തുടങ്ങാം.
കഴിഞ്ഞ വര്‍ഷത്തെ റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസിന്റെ വാര്‍ഷിക പൊതു യോഗത്തില്‍ വെച്ചാണ് ജിയോ എയര്‍ഫൈബര്‍ ആദ്യം പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ സേവനം ആരംഭിക്കുമെന്ന് 2023 ജൂണില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.
പ്ലാനുകള്‍:
599 രൂപയിലാണ് എയര്‍ഫൈബര്‍ പ്ലാന്‍ ആരംഭിക്കുന്നത്. 3999 രൂപയുടേതാണ് ഏറ്റവും വിലയേറിയ പ്ലാന്‍. ജിയോ എയര്‍ ഫൈബര്‍ പ്ലാനില്‍ 30 എംബിപിഎസ് സ്പീഡില്‍ അണ്‍ലിമിറ്റഡ് ഡാറ്റ 599 രൂപയ്‌ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡില്‍ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകള്‍ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനില്‍ നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം , ജിയോ സിനിമ പ്രീമിയം ഉള്‍പ്പെടെ 17 ഒ ടി ടി പ്ലാറ്റുഫോമുകള്‍ ലഭ്യമാകും .ജിയോ എയര്‍ ഫൈബര്‍ മാക്സ് പ്ലാനില്‍ 300, 500, 1000 എംബിപിഎസ് സ്പീഡുകളില്‍ 1499, 2499, 3999 രൂപ നിരക്കുകളില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ലഭ്യമാകും. രണ്ടു പ്ലാനുകളിലും 550ലധികം ഡിജിറ്റല്‍ ചാനലുകള്‍ ലഭ്യമാകും. ഒപ്പം വിവിധ ഒടിടി സേവനങ്ങളും ലഭിക്കും. ആറു മാസവും 12 മാസവും കാലാവധിയില്‍ പ്ലാനുകള്‍ ലഭ്യമാകും. ഹോം എന്റര്‍ടെയിൻമെന്റ്, സ്മാര്‍ട് ഹോം സര്‍വീസ്, ഹൈ സ്പീഡ് ബ്രോഡ്ബ്രാൻഡ് എന്നിവയുടെ എൻഡ് ടു എൻഡ് ഇന്റഗ്രേറ്റഡ് സൊല്യൂഷനുകളാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.