ഏറ്റുമാനൂർ: തെള്ളകം സ്വദേശിയുടെ ഭാര്യക്ക് കാനഡയില്‍ കെയർടേക്കർ ജോലിനല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളായി പത്ത് ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തില്‍ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു.
അങ്കമാലി സ്വദേശി ഡേവിസാണ് (67) പിടിയിലായത്.
ജോലി ലഭിക്കുന്നതിനായി ആദ്യം രണ്ടര ലക്ഷത്തോളം രൂപ മുടക്കിയാല്‍ മതിയെന്നും ബാക്കി തുക ജോലി ലഭിച്ച ശേഷം നല്‍കിയാല്‍ മതിയെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വ്യാജമായി നിര്‍മിച്ച കാനഡയിലെ വർക്ക് പെർമിറ്റും മറ്റും കാണിച്ച് പല പതവണകളായി പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.
പരാതിയെതുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലില്‍ മുഖ്യപ്രതിയായ ഡേവിസിനെ പിടികൂടുകയുമായിരുന്നു.
ഏറ്റുമാനൂർ എസ്.എച്ച്.ഒ ഷോജോ വർഗീസ്, എസ്.ഐ കെ.സൈജു, എ.എസ്.ഐ സജി, സി.പി.ഒമാരായ ഡെന്നി, അനീഷ്, മനോജ് കെ.പി എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതി റിമാൻഡ് ചെയ്തു. മറ്റുപ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി.