കൊച്ചി: നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസെടുക്കുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ടുപോകുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. ജോജു സ്ത്രീകൾ കേൾക്കാൻ പാടില്ലാത്ത ചീത്തയാണ് വിളിച്ചത് എന്നും നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മാന്യതയുടെ സ്വരം പോലും ജോജുവിന് ഉണ്ടായിരുന്നില്ലെന്നും പോലീസ് ഏകപക്ഷീയമായി കേസെടുക്കുന്നത് ശരിയല്ലെന്നും എറണാകുളം ഡി.സി.സി.പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. സ്ത്രീകൾ നൽകിയ പരാതിയിൽ കഴമ്പില്ല എന്ന് പൊലീസ് എങ്ങനെയാണ് കണ്ടെത്തിയത് എന്നും ഷിയാസ് ചോദിച്ചു.
എറണാകുളം ഇടപ്പള്ളി – വൈറ്റില ബൈപ്പാസിലെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് 15 കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. മുഹമ്മദ് ഷിയാസ് ആണ് ഒന്നാം പ്രതി. വി.ജെ പൗലോസ്, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. അനുമതിയില്ലാതെ റോഡ് ഉപരോധിച്ചെന്നാണ് എഫ്.ഐ.ആർ. കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് സമരം ഉദ്ഘാടനം ചെയ്തത്.
ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് ഇന്നലെ കോൺഗ്രസ് നടത്തിയ സമരവുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് ഇതുവരെ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജോജു ജോർജ് നൽകിയ പരാതിയാണ് ഒന്നാമത്തേത്. അനുമതിയില്ലാതെ സമരം നടത്തിയതിനാണ് രണ്ടാമത്തെ കേസ്. ഈ കേസിലാണ് പതിനഞ്ച് കോൺഗ്രസ് നേതാക്കളുൾപ്പെടെ അമ്പത് പേരുടെ പേരുള്ളത്.
ജോജു സ്ത്രീകളെ തള്ളി, കേൾക്കാൻ പാടില്ലാത്ത ചീത്ത വിളിച്ചു; ആരോപണവുമായി ദീപ്തി മേരി വർഗീസ്
November 2, 2021