ജോജു ജോര്‍ജിന്റെ രാഷ്ട്രീയം നന്നായി അറിയാം; നിരന്തരം സിപിഐഎമ്മിന് വേണ്ടി പ്രചാരണം നടത്തിയ ആളാണ്; വിടി ബല്‍റാം

November 2, 2021
87
Views

പെട്രോൾ വില വർദ്ധനയ്ക്ക് എതിരെ വഴി തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ വിടി ബല്‍റാം. ജോജു ജോര്‍ജിന്റെ രാഷ്ട്രീയം നന്നായി അറിയാമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ നിരന്തരം സിപിഐഎമ്മിന് വേണ്ടി പ്രചാരണം നടത്തിയ ആളായിരുന്നെന്നും ജോജുവെന്നും ബല്‍റാം ആരോപിച്ചു. ഇന്നലത്തെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് സംശയമുണ്ടെന്നും ബല്‍റാം ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

വിടി ബല്‍റാം പറഞ്ഞത്: ”മാന്യമായ ഇടപെടല്‍ അല്ല ജോജുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. കാന്‍സര്‍ രോഗിക്ക് പോവാന്‍ വഴി ഒരുക്കണമെന്ന് സൗഹാര്‍ദ്ദപരമായി പറഞ്ഞിരുന്നെങ്കില്‍ വിഷയങ്ങള്‍ ഉണ്ടാകില്ലായിരുന്നു. ജോജു ജോര്‍ജ് കോണ്‍ഗ്രസ് നേതാക്കളോട് തട്ടിക്കയറുകയായിരുന്നു. പ്രതീക്ഷിക്കാത്ത രീതിയുള്ള പ്രതികരണമുണ്ടായത്. ശരിയാണോ തെറ്റാണോ എന്ന് ഏകപക്ഷീയമായി ചര്‍ച്ചയിലേക്ക് പോകും മുമ്പ് അതിന്റെ പ്രഭവകേന്ദ്രം അന്വേഷിക്കണം.

മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സമരമായിരുന്നെങ്കില്‍ ഇങ്ങനെ ഉണ്ടാകുമായിരുന്നോ. ജോജുവിന്റെ രാഷ്ടീയം എന്താണെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിലൊക്കെ നിരന്തരം സിപിഐഎമ്മിന് വേണ്ടി പ്രചാരണം നടത്തിയ ആളായിരുന്നു. ഇങ്ങനെയുള്ള ഒരാള്‍ കോണ്‍ഗ്രസ് സമരത്തില്‍ കയറി പ്രതിഷേധമുണ്ടാക്കുമ്പോള്‍ അത് സദുദ്ദേശപരമാണ് എന്ന് ആര്‍ക്കും തോന്നില്ല. അതുകൊണ്ടായിരിക്കും അവിടെ പ്രശ്‌നങ്ങളുണ്ടായത്.

അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയത് കൈയേറ്റം ചെയ്യപ്പെട്ടു എന്നതാണ്. സത്യം അതല്ല. ഉന്തുതള്ളുമൊക്കെയാണ് ഉണ്ടായത്. ഇതിന് ശേഷം അദ്ദേഹം പൊലീസ് സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹവുമായി ബന്ധപ്പെട്ട സിനിമാ സുഹൃത്തുകള്‍ എത്തി ഇതൊരു വലിയ ചര്‍ച്ചാ വിഷയമാക്കുന്നു. ഇതിന്റെ പിന്നില്‍ ഒരു ഗൂഢാലോചന ഉണ്ടോ എന്ന് സ്വഭാവികമായും സംശയിക്കുന്നുണ്ട്.”

ജോജുവിന് നേരെയുണ്ടായ ആക്രമണം ഇന്ന് നിയമസഭയിലും ചര്‍ച്ചയായിരുന്നു. ആക്രമണം ചൂണ്ടിക്കാട്ടി മന്ത്രി കെ എന്‍ ബാലഗോപാലാണ് പ്രതിപക്ഷത്തിനു നേരെ വിമര്‍ശനം ഉന്നയിച്ചത്. ജോര്‍ജിനെ ആക്രമിച്ചതിനു ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന കപട പ്രചാരണത്തെയും മന്ത്രി വിമര്‍ശിച്ചു. ജോജുവിന് നേരെയുണ്ടായ ആക്രമണത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശത്തെ മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശിച്ചിരുന്നു.

ജോജുവിനെ മദ്യപാനിയായി ചിത്രീകരിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആക്രമണത്തില്‍ ധനമന്ത്രിയുടെ ആരോപണങ്ങളില്‍ പ്രതിപക്ഷം പ്രതിരോധത്തിലാകുന്ന കാഴ്ച്ചയാണ് ഇന്ന് സഭയില്‍ കണ്ടത്. പ്രതിപക്ഷ നേതാവും ഭരണപക്ഷവും തമ്മില്‍ വാദപ്രതിവാദം നടക്കുമ്പോള്‍ പ്രതിപക്ഷ നിരയില്‍ മറ്റ് അംഗങ്ങള്‍ മൗനം പാലിച്ചതും ശ്രദ്ധേയമാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *