ഗോഹട്ടി: ആസാമില്‍ കുടിയിറക്കിനെതിരേ പ്രതിഷേധിച്ചവര്‍ക്കു നേരേ പോലീസ് നടത്തിയ വെടിവയ്പില്‍ സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു. വെടിവയ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടിരുന്നു. ഇരുപതിലേറെ പേര്‍ക്കു പരിക്കേറ്റു. ദരാംഗ് ജില്ലയിലെ സിപാഝാറിലായിരുന്നു സംഭവം.
വര്‍ഷങ്ങളായി വസിച്ചിരുന്ന ഭൂമിയില്‍നിന്ന് കുടിയൊഴിക്കപ്പെട്ട എണ്ണൂറോളം കുടുംബങ്ങളാണു പുനരധിവാസം ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്.സദാം ഹുസൈന്, ഷേക്ക് ഫോരിദ് എന്നിവരാണു പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.
പ്രതിഷേധക്കാര്‍ ആയുധധാരികളായിരുന്നുവെന്നും പോലീസിനെ കല്ലെറിഞ്ഞെന്നുമാണ് ദരാംഗ് പോലീസ് സൂപ്രണ്ട് സുശാന്ത ബിശ്വ ശര്‍മയുടെ ഭാഷ്യം. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ആദ്യം ആകാശേത്തു വെടിവച്ചിരുന്നു. എന്നാല്‍ പ്രതിഷേധത്തിന് അയവില്ലാതെ വന്നതോടെ ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മൊനിരുദ്ദീന് അടക്കം എട്ടു പോലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൊനിരുദ്ദീനെ ഗോഹട്ടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
വെടിവയ്പില്‍ കൊല്ലപ്പെട്ടയാളെ ഫോട്ടോഗ്രാഫര്‍ ചവിട്ടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി. മരങ്ങള്‍ക്കു പിറകില്‍ നിന്ന് നൂറുകണക്കിനു പോലീസുകാര്‍ വെടിവയ്ക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രദേശത്തെ സംഭവങ്ങള്‍ പകര്‍ത്താന്‍ ജില്ലാ ഭരണകൂടം നിയോഗിച്ച ബിജയ് ശങ്കര്‍ ബനിയ എന്ന പ്രഫഷണല്‍ ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടയാളെ ചവിട്ടിയത്. ബിജയ് ശങ്കറെ അറസ്റ്റ് ചെയ്തു.