മഴക്കെടുതി നേരിടുന്നതിനായി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സജ്ജം: മന്ത്രി കെ. രാജന്‍

October 19, 2021
92
Views

പത്തനംതിട്ട: ജില്ലയിലെ മഴക്കെടുതി നേരിടുന്നതിനായി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സജ്ജമെന്നു റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പ്രളയസ്ഥിതി വിലയിരുത്തുന്നതിനു കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ശക്തമായ മഴയിൽ ജലനിരപ്പ് ഉയരുന്നതു ക്രമീകരിക്കുന്നതിനായി കക്കി-ആനത്തോട് ഡാം തുറന്നിട്ടുണ്ട്. എന്നാൽ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല. കൃത്യമായ ഇടവേളകളില്‍ ഡാമുകള്‍ തുറന്നു വെള്ളം ഒഴുക്കിവിടുന്നതാണ് അഭികാമ്യം. അടുത്ത ശക്തമായ മഴയുടെ ആരംഭത്തിനു മുമ്പ് ആവശ്യമായ മുന്‍കരുതല്‍ എന്ന നിലയിലാണു ഡാം തുറന്നത്.

ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരികയാണ്. എന്‍ഡിആര്‍എഫ് സംഘത്തെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ എയര്‍ ലിഫ്റ്റിംഗ് സംഘത്തെക്കൂടി വിന്യസിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
അപകട ഘട്ടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.

അത്യാവശ്യമായ എല്ലാ ക്രമീകരണങ്ങളും തയാറാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുകയോ പങ്കിടുകയോ ചെയ്യരുത്. റോഡ് തകരുന്നതു സംബന്ധിച്ചും ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതു സംബന്ധിച്ചും അവലോകന യോഗം ചര്‍ച്ച ചെയ്തതായും മന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. കെ.യു. ജനീഷ്‌കുമാര്‍, അഡ്വ. പ്രമോദ് നാരായണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, എഡിഎം അലക്‌സ് പി തോമസ്, എല്‍ആര്‍ ഡെപ്യുട്ടി കളക്ടര്‍ പി.ആര്‍. ഷൈന്‍, ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *