സംസ്ഥാനം ഇന്ധന നികുതി കുറച്ചില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങും: കെ.സുരേന്ദ്രൻ

November 4, 2021
132
Views

തൃശ്ശൂർ: കേന്ദ്രസർക്കാരിനെ മാതൃകയാക്കി സമാനമായ രീതിയിൽ സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറച്ചില്ലെങ്കിൽ ബിജെപി ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും ജനങ്ങൾ ബുദ്ധിമുട്ടാതിരിക്കാനാണ് കേന്ദ്രസർക്കാർ നികുതി കുറച്ചത്. കേന്ദ്രത്തെ മാതൃകയാക്കി എൻഡിഎ ഭരിക്കുന്ന 10 സംസ്ഥാനങ്ങൾ നികുതി കുറച്ചു. എന്നാൽ ഒരു നയാപൈസ പോലും കുറയ്ക്കില്ലെന്ന സംസ്ഥാന ധനമന്ത്രിയുടെ നിലപാട് ധിക്കാരവും ജനാധിപത്യവിരുദ്ധവുമാണെന്ന് തൃശ്ശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ധന നികുതിയുടെ കാര്യത്തിലെ പിണറായി സർക്കാരിന്റെ ബാലിശമായ നിലപാട് ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും ഹൃദയം കരിങ്കല്ലിന് സമാനമാണ്. തൊഴിലാളിവർ​ഗ പാർട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന സിപിഎമ്മിന്റെ തനിനിറം പുറത്തായിരിക്കുകയാണ്. ഇന്ധന വില വർദ്ധനവിന്റെ പേരിൽ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്ത പിണറായി വിജയന്റെ ആത്മാർത്ഥതയില്ലായ്മയാണിത്. ജനങ്ങളെ കബളിപ്പിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് വ്യക്തമായി. കേന്ദ്രം നികുതി കുറച്ചാൽ സംസ്ഥാനവും സമാന പാത പിന്തുടരുമെന്ന് ഉറപ്പ് പറഞ്ഞ സർക്കാർ അതിൽ നിന്നും പിന്നോട്ട് പോവുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറയുന്ന സർക്കാർ ധൂർത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ്. കൊവിഡ് പ്രതിസന്ധി എല്ലാ സംസ്ഥാനങ്ങൾക്കും ഉണ്ട്. എന്നിട്ടും ആ സംസ്ഥാനങ്ങളെല്ലാം നികുതി കുറയ്ക്കുകയാണ്. കേന്ദ്രനികുതി കുറച്ചാൽ സംസ്ഥാനത്തിന്റെ നികുതി കുറയുമെന്നാണ് സർക്കാർ പറയുന്നത്. ഇതുവരെ നികുതി വരുമാനമെല്ലാം കേന്ദ്രത്തിനാണ് പോവുന്നതെന്ന് പറഞ്ഞ സംസ്ഥാനത്തിന്റെ കാപട്യം പുറത്തായിരിക്കുകയാണ്. കേരളത്തിന്റെ ധനാ​ഗമന മാർ​ഗങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ധന നികുതിയാണ്. പാവങ്ങളെ കൊള്ള ചെയ്ത് ജീവിക്കുന്ന സർക്കാരാണിതെന്ന് സുരേന്ദ്രൻ പറഞ്ഞു.

കെ-റെയിലിനെതിരായ സമരങ്ങൾക്ക് ഏകോപനമുണ്ടാകാൻ ബിജെപി ആ​ഗ്രഹിക്കുന്നു. സംസ്ഥാന വ്യാപകമായി കെ-റെയിൽ വിരുദ്ധ സമരങ്ങൾക്ക് പാർട്ടി നേതൃത്വം നൽകും. കെ-റെയിലിന് ഇരയാവുന്നവരെയും പരിസ്ഥിതി പ്രവർത്തകരെയും സമരത്തിൽ പങ്കെടുപ്പിക്കും. ബിജെപി മണ്ഡല പുനർക്രമീകരണം നടത്താൻ സംസ്ഥാന ഭാരവാഹിയോ​ഗത്തിൽ തീരുമാനമായി. നിലവിലുള്ള 140 നിയോജക മണ്ഡലങ്ങൾ 280 മണ്ഡലം കമ്മിറ്റികളായി മാറും. യുവാക്കളെയും സ്ത്രീകളെയും പട്ടിക,പട്ടികവർ​ഗ വിഭാ​ഗത്തിലുള്ളവരെ കൂടുതലായി പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും സുരേന്ദ്രൻ പറഞ്ഞു. .

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *