ആലപ്പുഴ രൺജീത് വധക്കേസ് അന്വേഷണം എൻ ഐ എയ്ക്ക് കൈമാറണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊലയാളികൾ സംസ്ഥാനം വിട്ടെന്ന എ ഡി ജി പിയുടെ പ്രസ്താവന കുറ്റസമ്മതമാണ്. കേസ് തെളിയിക്കാനാവില്ലെന്ന് കേരള പൊലീസ് സമ്മതിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനിടെ കോടിയേരി ബാലകൃഷ്‌ണന് മറുപടിയുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പൊലീസിൽ ആര്‍.എസ്.എസുകാര്‍ ഉണ്ടാകുന്നതിൽ എന്താണ് തെറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പൊലീസിൽ മാത്രമല്ല ആർ.എസ്.എസ് പ്രവർത്തകർ എല്ലായിടത്തും ഉണ്ട്. രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും ആർ.എസ്.എസ് ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍ എന്തോ പുതിയ കാര്യം പോലെയാണ് ആര്‍.എസ്എസിനെ കുറിച്ച് പറയുന്നത്. ആർ.എസ്.എസും പോപ്പുലര്‍ ഫ്രണ്ടും ഒരുപോലെയല്ലെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. ആർഎസ്എസിനേയും പോപ്പുലർ ഫ്രണ്ടിനേയും തമ്മിൽ ഉപമിക്കരുത്. ഷാൻ വധക്കേസിൽ നിരപരാധികളെയാണ് ക്രൂശിക്കുന്നത്. ആർഎസ്എസ്‌കാർ പൊലീസിൽ മാത്രമല്ല രാജ്യം മുഴുവൻ നിറഞ്ഞ് നിൽക്കുന്നുണ്ട്. ആർഎസ്എസ്‌കാർ പൊലീസിലുണ്ടെന്ന് കോടിയേരി ബാലകൃഷ്‌ണന് അറിയാത്ത കാര്യമല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.