ശിവസ്ഥാനമായ കൈലാസപര്‍വതം ഇന്ത്യയില്‍ നിന്നുതന്നെ കാണാൻ സുവര്‍ണാവസരമൊരുങ്ങുന്നു.
ശിവസ്ഥാനമായ കൈലാസപര്‍വതം ഇന്ത്യയില്‍ നിന്നുതന്നെ കാണാൻ സുവര്‍ണാവസരമൊരുങ്ങുന്നു. ഹിമവാന്റെ മടിത്തട്ടില്‍ ടിബറ്റിന്റെ തെക്കുപടിഞ്ഞാറായി ഇന്ത്യയുടെ കുമയോണ്‍ അതിര്‍ത്തിയിലാണ് കൈലാസ പര്‍വതം.
ഇന്ത്യൻ അതിര്‍ത്തി വഴി ഇവിടെയെത്താനുള്ള റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. സെപ്റ്റംബറോടെ തീര്‍ഥാടകര്‍ക്ക് ഈ പാത ഉപയോഗിക്കാനാവും. ഇതോടെ കൈലാസ വ്യൂപോയന്റ് തയ്യാറാവും.
പിത്തോറഗഢ് ജില്ലയിലെ നാഭിദാംഗിലെ കെ.എം.വി.എൻ. ഹട്ട്സ് മുതല്‍ ചൈനീസ് അതിര്‍ത്തിയിലെ ലുപുലേഖ് ചുരംവരെയുള്ള റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്നും ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷൻ അറിയിച്ചു.
ഹിമാലയപര്‍വതത്തിന്റെ, ടിബറ്റിലേക്ക് നീണ്ടുകിടക്കുന്ന ഭാഗമാണ് കൈലാസപര്‍വതം. ഡല്‍ഹിയില്‍നിന്ന് 865 കിലോമീറ്റര്‍ അകലെ, സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 6,690 മീറ്റര്‍ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്. എഷ്യയിലെ നീളം കൂടിയ നദികളായ സത്ലജ്, ബ്രഹ്മപുത്ര, കര്‍ണാലി തുടങ്ങിയവയുടെ ഉത്ഭവസ്ഥാനത്തിനടുത്താണ് കൈലാസപര്‍വതം.
ഹിന്ദുമത സങ്കല്‍പത്തില്‍ കൈലാസം ശിവന്റെ വാസസ്ഥാനമാണ്. ബുദ്ധ, ജൈന മതക്കാര്‍ക്കും ഇവിടം ഏറെ പുണ്യകേന്ദ്രമാണ്. ഈ പര്‍വതത്തിന് ചുറ്റും പ്രദക്ഷിണം നടത്തിയാല്‍ പാപമോക്ഷം ലഭിക്കുന്നാണ് ഭക്തരുടെ വിശ്വാസം. എല്ലാവര്‍ഷവും ആയിരക്കണക്കിനു തീര്‍ഥാടകരാണ് കൈലാസത്തിലെത്തുന്നത്. സാധുവായ പാസ്പോര്‍ട്ടുള്ള ഇന്ത്യൻ തീര്‍ഥാടകര്‍ക്കാണ് കൈലാഷ്-മാനസസരോവര്‍ യാത്രക്ക് അനുമതി നല്‍കുന്നത്.