തീപ്പൊരി പ്രാസംഗികനായ കനയ്യ കുമാര്‍ വന്നാല്‍ യുവാക്കളെ ആകര്‍ഷിക്കാമെന്ന് കണക്കുകൂട്ടല്‍; രാഹുല്‍ ഗാന്ധിയുമായി കനയ്യ ഉടന്‍ കൂടിക്കാഴ്ച നടത്താന്‍ സാധ്യത

September 14, 2021
243
Views

ന്യൂഡല്‍ഹി: രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ മാത്രമല്ല, മുന്‍ ജെഎന്‍ യു പ്രസിഡന്റും സിപിഐ നേതാവും, തീപ്പൊരി പ്രാസംഗികനുമായ കനയ്യ കുമാറും കോണ്‍ഗ്രസിലേക്ക്. ഇതിന് മുന്നോടിയായുള്ള ചര്‍ച്ചകളിലാണ് ഇരുവരും എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ പ്രതിപക്ഷത്തിന് അത് നാടകീയ ഉണര്‍വേകും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുമായി കനയ്യകുമാര്‍ ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും അതിന് ശേഷമാകും തീയതിയും മറ്റുകാര്യങ്ങളും നിശ്ചയിക്കുക എന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായി മണ്ഡലത്തില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനോട് വമ്ബന്‍ തോല്‍വിയാണ് കനയ്യ കുമാറിന് സംഭവിച്ചത്. 4.22 ലക്ഷം വോട്ടുകള്‍ക്കാണ് ഗിരിരാജ് സിങ് വിജയിച്ചത്. 22 ശതമാനം വോട്ട് വിഹിതം കനയ്യ നേടിയപ്പോള്‍, ഗിരിരാജ് സിങ് 56.5 ശതമാനം വോട്ട് വിഹിതം നേടിയിരുന്നു. തോല്‍വിക്ക് ശേഷം താരമന്യേന നിശ്ശബ്ദനായിരുന്ന കനയ്യ പുതിയ ഒരു രാഷ്ട്രീയ തുടക്കമാണ് കോണ്‍ഗ്രസിലൂടെ ആഗ്രഹിക്കുന്നത്.

ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാക്കളുടെ കുറവാണ് കോണ്‍ഗ്രസിനെ അലട്ടുന്ന ഒരുപ്രശ്‌നം. കനയ്യയെ പോലൊരു തീപ്പൊരി പ്രാസംഗികന്‍ വന്നാല്‍, യുവജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ആലോചനകള്‍ നടക്കുമ്ബോഴും സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാ ദളിന്റെ അഭിപ്രായം കൂടി കോണ്‍ഗ്രസിന് മാനിക്കേണ്ടതുണ്ട്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും കനയ്യയുമായി കോണ്‍ഗ്രസ് ഇത്തരത്തില്‍ കൂടുമാറ്റത്തിന് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

കനയ്യ കുമാറിനെ കൂടാതെ പ്രശാന്ത് കിഷോറിനെയും കോണ്‍ഗ്രസില്‍ ചേര്‍ക്കുന്നതിന് തകൃതിയായ ചര്‍ച്ചകള്‍ നടക്കുന്നു. പ്രത്യേക എഐസിസി പാനലിന്റെ ഭാഗമായി പ്രശാന്ത് കിഷോറിനെ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും മാനേജ്‌മെന്റും തീരുമാനിക്കാന്‍ ഒരു ഉന്നതാധികാര സമിതി രൂപീകരിക്കണമെന്ന് പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

അതുകൊണ്ടാണ് എഐസിസി പ്രത്യേക പാനല്‍ ഉണ്ടാക്കുന്നത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആകുമ്ബോഴേക്കും കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കുക എന്നതാണ് പ്രശാന്ത് കിഷോറിന്റെ ദൗത്യം. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ തിരഞ്ഞെടുപ്പുകളില്‍ പ്രശാന്ത് കിഷോര്‍ സജീവമായിരിക്കില്ലെന്നും നേതാക്കള്‍ പറയുന്നു.

Article Categories:
India · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *