കണ്ടല ബാങ്ക് കള്ളപ്പണ കേസ്: മുഖ്യപ്രതി ഭാസുരാംഗന്റെ ഭാര്യ അടക്കം 4 പ്രതികള്‍ക്ക് ജാമ്യം

February 6, 2024
23
Views

കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ മുഖ്യപ്രതി ഭാസുരാംഗന്റെ ഭാര്യ അടക്കം 4 പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കി.

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ മുഖ്യപ്രതി ഭാസുരാംഗന്റെ ഭാര്യ അടക്കം 4 പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കി.

ഭാസുരാംഗന്റെ ഭാര്യ ജയകുമാരി, മക്കളായ അഭിമ, അശ്വതി, മകളുടെ ഭര്‍ത്താവ് ബാലമുരുകന്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കള്ളപ്പണത്തെക്കുറിച്ച്‌ പ്രതികള്‍ക്ക് കൃത്യമായ അറിവുണ്ടായരുന്നെങ്കിലും തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ഇടപെടില്ലെന്ന നിഗമനത്തില്‍ ഇവരെ അറസ്റ്റ് ചെയ്യാതെയാണ് ഇ ഡി കുറ്റപത്രം നല്‍കിയത്. കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇന്ന് പ്രതികള്‍ നേരിട്ട് ഹാജരായി ജാമ്യമെടുത്തത്.

ഭാസുരാംഗന്‍ ബാങ്ക് പ്രസിഡന്റായിരുന്ന കാലയളവില്‍ ഭാസുരാംഗനും കുടുംബവും ചേര്‍ന്ന് 3.22 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കുടുംബാംഗങ്ങളുടെ പേരില്‍ വ്യാജ വായ്പകള്‍ തരപ്പെടുത്തി തട്ടിയെടുത്ത പണം പ്രതികള്‍ പല ബിസിനസ് സംരംഭങ്ങളിലും നിക്ഷേപിച്ചെന്നും കുറ്റപത്രത്തില്‍ ഉണ്ട്.

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സി പി ഐ നേതാവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ ഭാസുരാംഗനും മകന്‍ അഖില്‍ ജിത്തുമാണ് ഒന്നും രണ്ടും പ്രതികള്‍. ഇവരുടെ ജാമ്യാപേക്ഷ കൊച്ചിയിലെ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. നിലവില്‍ ഇരുവരും റിമാന്‍ഡിലാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *