കണ്ണേറ്റുമുക്കില്‍ എക്സൈസ് സംഘം പിടികൂടിയ 100 കിലോ കഞ്ചാവ് തലസ്ഥാനത്തെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വില്പനയ്‌ക്കെത്തിച്ചതെന്ന് എക്സൈസ്.
തിരുവനന്തപുരം: കണ്ണേറ്റുമുക്കില്‍ എക്സൈസ് സംഘം പിടികൂടിയ 100 കിലോ കഞ്ചാവ് തലസ്ഥാനത്തെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വില്പനയ്‌ക്കെത്തിച്ചതെന്ന് എക്സൈസ്.
ഒരിടവേളയ്ക്ക് ശേഷമാണ് വലിയ തോതില്‍ കഞ്ചാവ് നഗരത്തില്‍ പിടികൂടുന്നത്. എസ്.എഫ്.ഐ മുന്‍ നേതാവും നെയ്യാറ്റിന്‍കര അറക്കുന്ന കടവ് ചക്കാലക്കല്‍ സദനത്തില്‍ (നിലവില്‍ ജഗതി സ്കൂളിന് സമീപം വാടകയ്ക്ക് താമസം) അഖില്‍ (25), കല്ലിയൂര്‍ വള്ളംകോട് മാത്തൂര്‍ക്കോണം ലക്ഷംവീട് കോളനി സ്വദേശി ബൊലേറോ വിഷ്ണു എന്ന വിഷ്ണു(31), തിരുവല്ലം മേനിലം ചെമ്മണ്ണ്‌വിള പുത്തന്‍വീട്ടില്‍ രതീഷ് എസ്.ആര്‍(42), കരിങ്കടമുകള്‍ ശാസ്താ ഭവനില്‍ ചൊക്കന്‍ എന്ന രതീഷ്(36) എന്നിവരെയാണ് പിടികൂടിയത്. പ്രതികള്‍ രണ്ടുതവണ സമാന രീതിയില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു. വാടകയ്ക്ക് എടുത്ത ഇന്നോവ കാറില്‍ നമ്ബര്‍ വ്യാജമായി ഘടിപ്പിച്ചാണ് കടത്ത്.
പ്രതികളുടെ ഫോണ്‍രേഖള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികള്‍ ബന്ധപ്പെട്ട എല്ലാവരും എക്സൈസിന്റെ നിരീക്ഷണത്തിലാണ്.
പ്രതി മുന്‍ എസ്.എഫ്.ഐ നേതാവ്
പിടിയിലായ പ്രതികളിലൊരാളായ അഖില്‍ കുറ്റം നിഷേധിച്ചു. അരിവാങ്ങാന്‍ കടയില്‍ എത്തിയപ്പോഴാണ് തന്നെ പിടികൂടിയതെന്ന് അഖില്‍ എക്സൈസിനോടും നാട്ടുകാരോടും പറഞ്ഞു. താന്‍ ജഗതിയില്‍ വാടകയ്ക്ക് താമസിക്കുന്നയാളാണെന്നും മുന്‍ എസ്.എഫ്.ഐ നേതാവായിരുന്നുവെന്നും പറഞ്ഞു. നാട്ടുകാരോടും ഉദ്യോഗസ്ഥരോടും ആവര്‍ത്തിച്ച് കുറ്റം നിഷേധിച്ച അഖിലിനോട്, പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാമെന്നും തത്കാലം മിണ്ടാതിരിക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. വഞ്ചിയൂര്‍ സംസ്‌കൃത സെന്ററിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നുവെന്നാണ് അഖില്‍ പറയുന്നത്. 2019ല്‍ സെക്രട്ടറിയായിരുന്നുവെന്നും ജഗതിയില്‍ വാടകയ്ക്ക് താമസിക്കുകയാണെന്നും അഖില്‍ പറഞ്ഞു. അഖിലിനെ നാല് വര്‍ഷം മുന്‍പ് ചില കാരണങ്ങളാല്‍ സംഘടനയില്‍ നിന്നു പുറത്താക്കിയിരുന്നതായി എസ്.എഫ്.ഐ നേതൃത്വം അറിയിച്ചു.
ആന്ധ്രയിലെ കഞ്ചാവ് കേന്ദ്രം
ആന്ധ്രയില്‍ നിന്നാണ് വന്‍ തോതില്‍ കഞ്ചാവ് എത്തിക്കുന്നത്. കുറഞ്ഞ വിലയില്‍ അവിടെ നിന്ന് വാങ്ങി ഇവിടെയെത്തിച്ച് ഗ്രാമനുസരിച്ച് വന്‍ വിലയ്ക്ക് വില്‍ക്കും.സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് കൂടുതലും ഇതിന്റെ ഉപഭോക്താക്കള്‍.ആന്ധ്രയിലെ രാജമുണ്ട്രി, നെര്‍സിപ്പട്ടണം, അനക്കപ്പള്ളി എന്നീ സ്ഥലങ്ങളിലെ ആദിവാസി ഊരുകളില്‍ കൃഷിചെയ്യുന്ന കഞ്ചാവ് തിരുവനന്തപുരത്തെത്തിച്ച ശേഷമാണ് വിവിധയിടങ്ങളിലെ മൊത്ത-ചില്ലറ വ്യാപാര മേഖലകളിലേക്ക് കൊണ്ടുപോകുന്നത്. ഇവിടെ നിന്ന് തൂത്തുക്കുടി വഴി കടല്‍മാര്‍ഗം ശ്രീലങ്കയിലേക്കും കടത്തുന്നുണ്ട്.
പിടികൂടിയത് ഇവര്‍
അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ടി. അനികുമാറിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ മുകേഷ് കുമാര്‍, എസ്. മധുസൂദനന്‍ നായര്‍, വി.ജി. സുനില്‍കുമാര്‍, ആര്‍.ജി. രാജേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രകാശ്, പ്രേമനാഥന്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിശാഖ്, സുബിന്‍,രജിത്, അരുണ്‍ സേവ്യര്‍, ജയശാന്ത്,ശരത്, മുഹമ്മദ് അലി എക്‌സൈസ് ഡ്രൈവര്‍ വിനോജ് ഖാന്‍ സേട്ട് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.