ന്യൂഡെൽഹി: കരിപ്പൂര്‍ വിമാനദുരന്തം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പരസ്യപ്പെടുത്തുമെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് കിട്ടിയിട്ടുണ്ട്.
റിപ്പോർട്ടിലെ ശുപാര്‍ശകള്‍ കാലതാമസമില്ലാതെ നടപ്പാക്കുമെന്നും സിന്ധ്യ ഡെൽഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 21 പേര് മരിച്ച ദുരന്തത്തില്‍ 96 പേര്‍ക്കായിരുന്നു സാരമായി പരിക്കേറ്റത്. 73 പേര് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
കൊറോണ വ്യാപനം രൂക്ഷമായ തൊഴിലിടങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി ഊഴം കാത്തിരുന്ന ഒരു പറ്റം മനുഷ്യരെയുമായെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ടെര്‍മിനലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി റണ്‍വേയുടെ കിഴക്കുഭാഗത്ത് നിന്ന് താഴേക്ക് പതിച്ചത്. 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ലോകത്തെ ഒന്നാംനിര വിമാന കമ്പനികളിലൊന്നായ ബോയിംഗ് കമ്പനി നിര്‍മിച്ച 737 വിമാനമായിരുന്നു അത്. വിമാനം പറത്തിയതാകട്ടെ എയര്‍ഫോഴ്സിലുള്‍പ്പെടെ മികവ് തെളിയിച്ച പരിചയ സമ്പന്നന് ക്യാപ്റ്റന്‍ ദീപക് സാഥെ. ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങളെ ചൊല്ലി വലിയ തര്‍ക്കങ്ങള്‍ ഉയര്‍ന്നിരുന്നു.