കര്‍ണാടക മന്ത്രി സഭയില്‍ മലയാളി പ്രാതിനിധ്യവും.
ബംഗളുരു: കര്‍ണാടക മന്ത്രി സഭയില്‍ മലയാളി പ്രാതിനിധ്യവും. ഇന്നലെ അധികാരമേറ്റ എട്ട് മന്ത്രിമാരില്‍ കോട്ടയം ചിങ്ങവനം സ്വദേശിയായ കേളചന്ദ്ര ജോസഫ് ജോര്‍ജ് എന്ന കെ.ജെ.
ജോര്‍ജാണു മലയാളികളുടെ പ്രതിനിധി. ലിംഗായത്ത്, ദളിത്, ന്യൂനപക്ഷ പ്രതിനിധികളെയാണ് ഇന്നലെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.
മുതിര്‍ന്ന നേതാവ് എം.ബി. പാട്ടീലാണു ലിംഗായത്ത് പ്രതിനിധി. ദളിത് പ്രതിനിധികളായി മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും കെ.എച്ച്. മുനിയപ്പയും മന്ത്രിസഭയിലെത്തി. റെഡ്‌ഡി സമുദായത്തില്‍നിന്നു മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്‌ഡി മന്ത്രിസഭയിലെത്തി. എട്ട് തവണ എം.എല്‍.എയായ നേതാവാണ് അദ്ദേഹം. സിദ്ധരാമയ്യയുടെ വിശ്വസ്‌തനായ ബി.സെഡ്. സമീര്‍ അഹമ്മദ് ഖാനാണു മുസ്ലിംപ്രതിനിധി. സിദ്ധരാമയ്യയ്‌ക്കൊപ്പമാണ് അദ്ദേഹം ജനതാദളില്‍നിന്നു കോണ്‍ഗ്രസിലെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയ്‌ക്കും മന്ത്രിസ്‌ഥാനം ലഭിച്ചു.
കെ.ജെ. ജോര്‍ജിന്റെ കുടുംബം 1960ല്‍ ആണ് കുടകിലേക്കു താമസം മാറുന്നത്. കോട്ടയം ചിങ്ങവനത്ത് ചാക്കോ ജോസഫ് കേളചന്ദ്രയുടെയും മറിയാമ്മ ജോസഫിന്റെയും മകനായ ജോര്‍ജ്, കേളചന്ദ്ര ഗ്രൂപ്പിലൂടെ വ്യവസായ രംഗത്തും സജീവമാണ്.
വീരേന്ദ്ര പാട്ടീല്‍, എസ്.ബംഗാരപ്പ, സിദ്ധരാമയ്യ(2013-18) സര്‍ക്കാരുകളില്‍ മന്ത്രിയായിട്ടുണ്ട്. 1968ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായാണു രാഷ്‌ട്രീയ പ്രവേശനം. 1982ല്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി. കര്‍ണാടക പി.സി.സി. ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്‌ഠിച്ചു. 1983ല്‍ നിയമസഭയിലേക്കുള്ള കന്നിയങ്കത്തില്‍ ജനതാദളിന്റെ മൈക്കല്‍ ഫെര്‍ണാണ്ടസിനോട് തോറ്റു. പിന്നീട് ഭാരതി നഗറില്‍നിന്ന് നിയമസഭയിലെത്തി.