കർണാടകയിൽ വീണ്ടും ഹിജാബ് ധരിച്ച വിദ്യാർത്ഥികൾക്ക് വിലക്ക്: നടപടി തീവ്രഹിന്ദു സംഘടനകള്‍ കോളേജിലേക്ക് പ്രതിഷേധ റാലി നടത്തിയതിന് പിന്നാലെ

January 4, 2022
178
Views

ബെഗ്ലൂരു: കർണാടകയിൽ വീണ്ടും ഹിജാബ് ധരിച്ച വിദ്യാർത്ഥികൾക്ക് വിലക്ക്. ചിക്കമംഗ്ലൂരു സര്‍ക്കാര്‍ കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ നിന്ന് പുറത്താക്കി.

തീവ്രഹിന്ദു സംഘടനകള്‍ കോളേജിലേക്ക് പ്രതിഷേധ റാലി നടത്തിയതിന് പിന്നാലെയായിരുന്നു നടപടി. പ്രിന്‍സിപ്പള്‍ നേരിട്ട് എത്തി അഞ്ച് വിദ്യാര്‍ത്ഥിനികളോട് ക്ലാസിന് പുറത്ത് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളേജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ പുറത്താക്കിയത്. ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറ്റാതിരുന്നത് പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. പിന്നീട് കളക്ടറുടെ ഇടപെടലില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥിനികളുടെ ഭരണഘടനാ പരമായ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന് കളക്ടര്‍ വ്യക്തമാക്കുകയായിരുന്നു.

ഹിജാബ് ധരിച്ചെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ കോളേജില്‍ മൂന്ന് ദിവസമാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചത്. യൂണിഫോമിലെ ഒരേ സ്വഭാവത്തിന് ഹിജാബ് വിലങ്ങ് തടിയാവുന്നെന്നായിരുന്നു പ്രിന്‍സിപ്പലിന്‍റെ വാദം. കോളേജിനകത്ത് അറബിയും ഉറുദുവും ബ്യാരി ഭാഷയും സംസാരിക്കരുതെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഉത്തരവിട്ടിരുന്നു.

ഇതിനെതിരേയും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹിന്ദി , കന്നഡ, കൊങ്കിണി, തുളു ഭാഷകളില്‍ മാത്രമേ കോളേജില സംസാരിക്കാന്‍ പാടുള്ളൂ എന്നായിരുന്നു ഉത്തരവ്. ഹിജാബ് വിഷയത്തില്‍ രക്ഷിതാക്കളെത്തി ചര്‍ച്ച നടത്തിയിട്ടും കോളേജ് അധികൃതര്‍ വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നില്ല.

മുസ്ലീം സമുദായത്തില്‍ നിന്നുള്ള 60 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും ആറ് പേരൊഴികെ ആരും ശിരവോസ്ത്രം ധരിക്കുന്നില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥികള്‍ക്ക് മാംസാഹാരം വിളമ്പിയ ബാഗല്‍കോട്ടിലെ സ്കൂള്‍ നേരത്തെ വിദ്യാഭ്യാസവകുപ്പ് അടച്ചുപൂട്ടിയിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *