കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരേ മഞ്ചേശ്വരം എംഎൽഎ സുപ്രീം കോടതിയിൽ

October 3, 2021
115
Views

ന്യൂഡെൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടക സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരേ മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷറഫ് സുപ്രീം കോടതിയിൽ ഹർജി നൽകി.

രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ ഫലം വേണമെന്ന നിബന്ധന റദ്ദാക്കണമെന്നാണ് ആവശ്യം. നിയന്ത്രണങ്ങളിൽ നിന്ന് വിദ്യാർഥികളെ ഒഴിവാക്കണമെന്നും ഹർജിയിൽ അഷറഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

കർണാടക സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സ്വാഭാവിക നീതിയുടെയും മൗലിക അവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ചാണ് എ.കെ.എം. അഷറഫ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

മഞ്ചേശ്വരം മണ്ഡലത്തിലെ നിരവധി പേർ ജോലി, വിദ്യാഭ്യാസം, ബിസിനസ്സ് തുടങ്ങിയ ആവശ്യങ്ങൾക്ക് എന്നും മംഗലാപുരം ഉൾപ്പടെയുള്ള ദക്ഷിണ കന്നഡയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുന്നവരാണ്. അതിനാൽ തന്നെ എല്ലാ മൂന്ന് ദിവസത്തിലും ആർടിപിസിആർ ടെസ്റ്റ് എടുക്കണമെന്ന വ്യവസ്ഥ പ്രായോഗികമല്ലെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് അന്തർസംസ്ഥാന യാത്രകൾക്ക് ആർടിപിസിആർ ടെസ്റ്റ് ഫലം ആവശ്യമില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്രത്തിന്റെ നിലപാടിന് വിരുദ്ധമായ സമീപനമാണ് കർണാടക സർക്കാർ സ്വീകരിക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും തുറന്നതിനാൽ വിദ്യാർഥികളെ പൂർണമായും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കാൻ നിർദേശിക്കണമെന്നും അഷറഫ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അഷറഫ് ഫയൽ ചെയ്ത ഹർജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. തങ്ങളുടെ അധികാര പരിധിയിൽ വരുന്ന വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി ഹർജി തള്ളിയത്. അഭിഭാഷകൻ ഹാരിസ് ബീരാനാണ് സുപ്രീം കോടതിയിൽ എ.കെ.എം. അഷറഫിന്റെ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *