ബാഗില്‍ നിറയെ വെടിയുണ്ടകള്‍; തമിഴ് നടൻ കരുണാസ് ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍

June 3, 2024
43
Views

ചെന്നൈ: പ്രമുഖ തമിഴ് നടനും മുൻ എംഎല്‍എയുമായ കരുണാസിനെ ബാഗില്‍ നിറയെ വെടിയുണ്ടകളുമായി ചെന്നൈ വിമാനത്താവളത്തില്‍ വച്ച്‌ അറസ്‌റ്റ് ചെയ്‌തു.

ഞായറാഴ്‌ച ചെന്നൈ വിമാനത്താവളത്തില്‍ വച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥരാണ് താരത്തിന്റെ ബാഗില്‍ നിന്ന് നാല്‍പത് വെടിയുണ്ടകള്‍ കണ്ടെടുത്തത്.

ചെന്നൈയില്‍ നിന്ന് ട്രിച്ചിയിലേക്കുള്ള യാത്രയ്ക്കായി നടൻ കരുണാസ് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഹാൻഡ് ബാഗില്‍ നിന്ന് രണ്ട് പെട്ടി വെടിയുണ്ടകള്‍ കണ്ടെടുത്തത്. ഹാൻഡ് ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ ഉദ്യോഗസ്ഥർ ഇത് പിടിച്ചെടുത്തു.

എന്നാല്‍, തന്റെ സുരക്ഷക്കായി ലൈസൻസുള്ള കൈത്തോക്ക് കൈവശമുണ്ടെന്ന് കരുണാസ് പോലീസ് ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. മാതൃക പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തോക്ക് ഡിണ്ടിഗല്‍ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പിച്ചെങ്കിലും വെടിയുണ്ടകള്‍ അബദ്ധത്തില്‍ ബാഗില്‍ വച്ച്‌ മറന്നതാണെന്നും അദ്ദേഹം അറിയിച്ചു.

ഡിണ്ടിഗല്‍ പോലീസ് സ്‌റ്റേഷനില്‍ തോക്ക് ഏല്‍പിച്ചതായി സ്ഥിരീകരിക്കുന്ന രേഖകളും കരുണാസ് ഉദ്യോഗസ്ഥരെ കാണിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകള്‍. സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം നടത്തിവരികയാണ്. ഈ സംഭവ വികാസങ്ങളെ തുടർന്ന് ട്രിച്ചിയിലേക്കുള്ള വിമാനം അരമണിക്കൂറോളം വൈകി.

എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥർ കരുണാസ് പറഞ്ഞ സംഭവങ്ങള്‍ ശരിയാണെന്ന് പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു സ്ഥിരീകരിച്ച ശേഷമാണ് ഇയാളെ മോചിപ്പിച്ചത്. തുടർന്ന് ഇതേ ട്രിച്ചി വിമാനത്തില്‍ തന്നെ കരുണാസിനെ യാത്ര ചെയ്യാൻ അനുവദിക്കുകയും ചെയ്‌തതായാണ് സൂചന.

അതേസമയം, കേവലം നടൻ എന്നതിലുപരി അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് കരുണാസ്. നേരത്തെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്‌തിരുന്നു. തേവർ രാഷ്ട്രീയ സംഘടനയായ മുക്കുളത്തോർ പുലിപ്പടൈയുടെ നേതാവാണ് അദ്ദേഹം.

തുടർന്ന് 2016ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവടനൈയില്‍ നിന്ന് എഐഎഡിഎംകെയുടെ രണ്ടില ചിഹ്നത്തില്‍ അദ്ദേഹം തമിഴ്‌നാട് സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുകയായിരുന്നു. പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് അദ്ദേഹം വിജയിച്ചത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *