കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അന്വേഷണം ഇഴയുന്നു

August 25, 2021
260
Views

തൃശ്ശൂർ : 104 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയ കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ അന്വേഷണം ഇഴയുന്നു. ജൂലായ് 14-ന് രജിസ്റ്റർ ചെയ്ത കേസിൽ മൂന്ന് പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. ആറ് പ്രതികളിൽ മൂന്നു പേരെയാണ് പിടികൂടിയത്.
വായ്പാ ഇടനിലക്കാരൻ കിരൺ, ബാങ്കിന്റെ മുൻ റബ്‌കോ കമ്മിഷൻ ഏജൻറ് ബിജോയ്, ബാങ്ക് സൂപ്പർമാർക്കറ്റ് മുൻ അക്കൗണ്ടൻറ് റെജി അനിൽ എന്നിവരെയാണ് പിടികൂടാനുള്ളത്. ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ട് രണ്ടാഴ്ചയായി.

ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികളിൽ കിരൺ കേരളം വിട്ടതായാണ് സൂചന. ബാങ്ക് അംഗത്വം പോലുമില്ലാത്ത കിരണിന്റെ പേരിലാണ് ഏറ്റവും കൂടുതൽ വായ്പത്തട്ടിപ്പ് നടന്നിട്ടുള്ളത്. ഇതിനിടെ ഇ.ഡിയും കേസിൽ അന്വേഷണം തുടങ്ങിയെന്ന് അറിയിച്ചെങ്കിലും നടപടികളിലേക്ക് കടന്നതായി അറിയില്ല.

നാളുകൾ പിന്നിട്ടിട്ടും ബാക്കിയുള്ള പ്രതികളെ പിടികൂടാത്തതും അറസ്റ്റിലായവർ ഭരണസമിതിക്കെതിരേ മൊഴി നൽകിയിട്ടും അന്വേഷിക്കാത്തതുമുൾപ്പെടെ അന്വേഷണ സംഘത്തിനെതിരേ കടുത്ത എതിർപ്പുണ്ട്. ഭരണസമിതിയംഗങ്ങളെ ചോദ്യം ചെയ്യുന്നതിലേക്കും അറസ്റ്റിലേക്കും കടന്നാൽ ഉന്നത സി.പി.എം. നേതാക്കളിലേക്കും അന്വേഷണമെത്തുമെന്നതിനാൽ നിലവിൽ പ്രതിചേർത്തവരിലൊതുക്കി അവസാനിപ്പിക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച പത്തംഗ സമിതിയുടെ റിപ്പോർട്ടിലും തുടർനടപടികളിലേക്ക് കടന്നിട്ടില്ല.

അതേ സമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം തിരുവില്വാമലയിലെ കൊച്ചിൻ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിലെത്തി. കേസിലെ പ്രതികൾ ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്നുവെന്ന സംശയത്തെത്തുടർന്നാണിത്. റബ്‌കോ ഫർണീച്ചർ വിതരണവുമായി ബന്ധപ്പെട്ട രേഖകളും ബ്രോഷറുകളും പരിശോധനയിൽ കണ്ടുകിട്ടി.

ഒന്നാം നമ്പർ മുറിയിലെ മേശവലിപ്പിൽ നിന്നാണ് ഇവ ലഭിച്ചത്. ദർശനത്തിനായി കഴിഞ്ഞദിവസം ഇവിടെ മുറിയെടുത്ത ഡെപ്യൂട്ടി കളക്ടർ മേശവലിപ്പിൽ കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട രേഖ കാണാനിടയായതോടെയാണ് ക്രൈംബ്രാഞ്ച് സംഘമെത്തിയത്.
കഴിഞ്ഞദിവസം പഴയന്നൂർ എസ്.ഐ. ഫക്രുദ്ദീൻ അലിയുടെ നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിൽ പോലീസെത്തിയിരുന്നു. പഴയന്നൂർ പോലീസ് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് സംഘം ചൊവ്വാഴ്ച ഉച്ചയോടെയെത്തിയത്.

രേഖകൾ പരിശോധിച്ചും പ്രതികളുടെ ഫോട്ടോ ജീവനക്കാരെ കാണിച്ചും വിവരങ്ങൾ ശേഖരിച്ചു. പ്രതികൾ എത്തിയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. റബ്‌കോ ഉത്‌പന്നങ്ങളുടെ ജില്ലയിലെ മൊത്തവിതരണം നടത്തിയിരുന്നത് ബാങ്കിന്റെ സൂപ്പർമാർക്കറ്റ് വഴിയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഉല്ലാസ്, ജോർജ് ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണസംഘം എത്തിയത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *