‘ദി കശ്മീർ ഫയൽസ്’ ഡയറക്ടർ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം. സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. കാശ്മീരി പണ്ഡിറ്റുകൾക്കെതിരായ അതിക്രമങ്ങളുടെ കഥയാണ് വിവേക് തൻ്റെ സിനിമയിലൂടെ പറയുന്നത്. ചിത്രം റിലീസ് ചെയ്തതു മുതൽ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു.
1990-ൽ കാശ്മീർ താഴ്വരയിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി പുറത്തിറങ്ങിയ ‘ദി കശ്മീർ ഫയൽസിന്’ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനോടകം പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. അനുപം ഖേർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
“ലോകമെമ്പാടുമുള്ള ആളുകൾ സിനിമ ഇഷ്ടപ്പെടുന്നു, സിനിമയിലെ കഥാപാത്രങ്ങൾ അന്താരാഷ്ട്ര നിലവാരമുള്ളതാണ്. കാശ്മീർ താഴ്വരയിൽ സംഭവിച്ചതിനെക്കുറിച്ചുള്ള സത്യം ലോകത്തെ കാണിക്കാൻ ഞാൻ ആഗ്രഹിച്ചു” – അഗ്നിഹോത്രി പറയുന്നു. ഇന്ത്യയുടെ നയതന്ത്രബന്ധം വിപുലീകരിക്കാൻ ചിത്രം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രം മാർച്ച് 11ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു.