ലോകമെമ്പാടുമുള്ള ക്രൈസ്തവർ വിശുദ്ധമായി ആചരിക്കുന്ന ക്രിസ്മസ് ദിനങ്ങളിൽ രാജ്യത്താകമാനം ക്രൈസ്തവർക്ക് നേരെ നടന്ന സംഘടിത ആക്രമണങ്ങളെ ശക്തമായി അപലപിച്ചു കെസിവൈഎം കൊല്ലം രൂപത. ഇത്തരം അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണം. മാതാന്ധത ബാധിച്ച വർഗീയ വാദികളുടെ ഇത്തരം ചെയ്തികൾ ഒരു ജനാധിപത്യ സമൂഹത്തിനു യോജ്യമല്ലാത്ത പ്രവൃത്തി ആണ്.
ഉത്തർപ്രദേശിൽ മാത്രം വ്യത്യസ്ത ഇടങ്ങളിലായി 6 അക്രമസംഭവങ്ങൾ ഒരേ ദിവസം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടഞ്ഞും, അരാധനാലയങ്ങളിൽ ക്രിസ്മസ് പ്രത്യേകപ്രാർഥനകൾ അലങ്കോലപ്പെടുത്തിയും, സാന്റക്ലോസിന്റെ കോലം കത്തിച്ചുമൊക്കെയാണ് അക്രമകാരികൾ അഴിഞ്ഞാടിയത്.
ഹരിയനയിൽ യേശുക്രിസ്തുവിന്റെ തിരുസ്വരൂപം തകർത്തുകൊണ്ടാണ് ക്രൈസ്തവ വിശ്വാസികൾക്കെതിരെയുള്ള അക്രമങ്ങൾക്ക് അക്രമകാരികൾ തുടക്കമിട്ടത്.
കർണാടകയിൽ ക്രിസ്ത്യൻ മിഷനറിമാരുടെ സ്കൂളുകളിൽ അതിക്രമിച്ചു കയറി അവിടുത്തെ ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുകയും, മതവികാരം വൃണപ്പെടുത്തുന്ന വർഗീയ പരാമർശങ്ങൾ നടത്തുകയും ചെയ്തു.
അക്രമകാരികൾ തങ്ങൾ ക്രൈസ്തവ വിശ്വാസികളെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു മതവിദ്വേഷ പ്രചരണം നടത്തുകയുമാണ്.
മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്യവും നിലനിൽക്കുന്ന ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഇത്തരം സംഭവങ്ങൾ അമർച്ച ചെയ്യപ്പെടേണ്ടുന്നത് തന്നെയാണ്. അക്രമകാരികൾക്കെതിരെ അടിയന്തിരമായി നടപടികൾ സ്വീകരിക്കാൻ ഭരണകൂടവും നിയമപാലകരും തയ്യാറാകണം. ഇത്തരം അക്രമങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനുള്ള നിതാന്ത ജാഗ്രതയും നടപടികളും അധികാരികളിൽ നിന്നും ഉണ്ടാകുകയും വേണം എന്ന് കെ.സി.വൈ.എം രൂപത പ്രസിഡൻ്റ് ശ്രീ കിരൺ ക്രിസ്റ്റഫർ ആവശ്യപ്പെട്ടു.
കെസിവൈഎം രൂപതാ ആസ്ഥാനത്ത് വച്ചു കൂടിയ പ്രതിഷേധ യോഗത്തിൽ രൂപത പ്രസിഡൻ്റ് കിരൺ ക്രിസ്റ്റഫർ അധ്യക്ഷത വഹിച്ചു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്‌വേഡ് രാജു, ജനറൽ സെക്രട്ടറി മനീഷ് മാത്യൂസ്, രൂപതാ ഡയറക്ടർ ഫാ : ബിന്നി മാനുവൽ മറ്റ് രൂപതാ സമിതി അംഗങ്ങളായ മരിയ ഷെറിൻ, മാനുവൽ ആൻറണി, അലക്സ് ആൻ്റണി, സയന, ബ്രൂട്ടസ്, അമൽ, സൊണാലി, ഡെലിൻ ഡേവിഡ് ,നിധിൻ, വിജിത, നിഥിൻ എഡ്വേർഡ്, പ്രിൻസ്, ആനിമേറ്റർ സിസ്റ്റർ മേരി രജനി, ലേ ആനിമേറ്റർ നീതു മാത്യു എന്നിവർ സംസാരിച്ചു.