കെജ്‌രിവാളിനായി തിഹാര്‍ ജയിലില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി; 5-ാം നമ്ബര്‍ ജയിലിലെ സെല്ലുകള്‍ ഒഴിപ്പിച്ചു

March 28, 2024
24
Views

മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പാർപ്പിക്കാനായി ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാർ ജയിലില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി.

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പാർപ്പിക്കാനായി ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാർ ജയിലില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി.

കെജ്രിവാളിനെ തിഹാറിലെ 5-ാം നമ്ബർ ജയിലില്‍ പാർപ്പിക്കാനാണ് സാധ്യത. കൊടുംകുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന സെല്ലുകളില്‍ നിന്ന് അകലെയാകും അദ്ദേഹത്തെ പാർപ്പിക്കുക.

ഇ.ഡി. കസ്റ്റഡിയില്‍ കഴിയുന്ന കെജ്രിവാളിനെ നിലവില്‍ പാർപ്പിച്ചിരിക്കുന്നത് എൻഫോർസ്മെന്റ് ഡയറക്ടറേറ്റിന്റെ ആസ്ഥാനത്തെ ലോക്കപ്പ് സെല്ലിലാണ്. രണ്ട് ലോക്കപ്പ് സെല്ലുകളില്‍ ഒന്നാമത്തെ സെല്ലിലാണ് നിലവില്‍ അദ്ദേഹമുള്ളത്. മാർച്ച്‌ 28 ന് കസ്റ്റഡി കാലാവധി കഴിയുന്ന അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. ഇ.ഡി. കസ്റ്റഡിയില്‍ ആവശ്യപ്പെടാനുള്ള സാധ്യത കുറവായതിനാലാണ് തിഹാർ ജയിലില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചത്.

Z പ്ലസ് സുരക്ഷ ഉള്ള രാഷ്ട്രീയ നേതാവാണ് കെജ്രിവാള്‍. മുഖ്യമന്ത്രി പദവി രാജി വച്ചിട്ടില്ലാത്തതിനാല്‍ അതീവ സുരക്ഷയ്ക്ക് അർഹനാണ്. അതിനാല്‍ തിഹാറിലെ അതീവ സുരക്ഷ ജയിലുകളിലൊന്നിലാകും പാർപ്പിക്കുക. അഞ്ചാം നമ്ബർ ജയിലിലെ ചില സെല്ലുകള്‍ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു. ഇവിടെ വൃത്തിയാക്കല്‍ ഉള്‍പ്പടെയുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇത് എന്തിനുവേണ്ടിയാണെന്ന് ജയില്‍ അധികൃതർ വ്യക്തമാക്കിയിട്ടില്ല. കെജ്രിവാളിന് വേണ്ടിയാണ് ഈ തയ്യാറെടുപ്പുകളെന്നാണ് അഭ്യൂഹം.

അദ്ദേഹത്തെ തിഹാറിലെ 1, 3, 7 ജയിലുകളില്‍ പാർപ്പിക്കുന്ന കാര്യവും പരിഗണനയിലാണെന്നാണ് സൂചന. മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ആം ആദ്മി പാർട്ടിയുടെ മറ്റ് ചില നേതാക്കളെ പാർപ്പിച്ചിരിക്കുന്നത് ഈ ജയിലുകളില്‍ ആണ്. ഡല്‍ഹിയിലെ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ പാർപ്പിച്ചിരിക്കുന്നത് ഒന്നാം നമ്ബർ ജയിലിലെ സെല്ലിലാണ്. രാജ്യസഭാ അംഗം സഞ്ജയ് സിങ് കഴിയുന്നത് രണ്ടാം നമ്ബർ ജയിലിലാണ്. മുൻ മന്ത്രി സത്യേന്ദ്ര ജയിൻ ഏഴാം നമ്ബർ ജയിലിലാണ്.

സാധാരണ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികള്‍ക്ക് മറ്റ് പ്രതികള്‍ക്കൊപ്പം സെല്‍ പങ്കിടേണ്ടി വരും. എന്നാല്‍ ആം ആദ്മി പാർട്ടി നേതാക്കളെ ഒറ്റയ്ക്കാണ് പാർപ്പിച്ചിരിക്കുന്നത്. കെജ്രിവാളിന്റെ തിഹാർ ജീവിതവും ഒറ്റയ്ക്കാകും. ജയിലില്‍ വച്ച്‌ കേസിലെ മറ്റ് പ്രതികളെ കാണാനോ, സംസാരിക്കാനോ ഉള്ള അവസരം ലഭിക്കില്ല. ഒരേ ജയിലില്‍ ആണ് പാർപ്പിക്കുന്നതെങ്കിലും, വ്യത്യസ്ത സെല്ലുകളില്‍ ആകും പാർപ്പിക്കുക.

ജയിലിലെത്തിയാല്‍ തിഹാർ മാനുവല്‍ പ്രകാരം കെജ്രിവാളിന് ആഴ്ചയില്‍ രണ്ട് തവണ കുടുംബാംഗങ്ങളെയും, അഭിഭാഷകരെയും കാണാം. എന്നാല്‍ കോടതിയുടെ ഉത്തരവ് ഉണ്ടെങ്കില്‍ ഇതില്‍ ഇളവ് ലഭിച്ചേക്കും. വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കണമെങ്കില്‍ കോടതിയുടെ ഉത്തരവ് ആവശ്യമാണ്. ജയില്‍ സൂപ്രണ്ടിന്റെ അനുമതിയോടെ ദിവസവും അഞ്ച് മിനുട്ട് ഫോണ്‍ ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കും. ജയിലില്‍ ഇരുന്ന് ഭരണം നടത്തുമെന്ന് അറിയിച്ചിട്ടുള്ള കെജ്രിവാള്‍ ഈ ഫോണ്‍ കോളുകള്‍ രാഷ്ട്രീയമായും, ഭരണപരമായും എങ്ങനെ വിനിയോഗിക്കും എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് തിഹാർ ജയിലില്‍ നിന്ന് പ്രവർത്തിക്കുമോ എന്ന് ആകാംഷയും ജയില്‍ അധികൃതർക്കുണ്ട്. കോടതി ഉത്തരവ് ഉണ്ടെങ്കില്‍ ഓഫീസ് പ്രവർത്തിപ്പിക്കാം എന്നാണ് ചില ജയില്‍ ഉദ്യോഗസ്ഥർ പറയുന്നത്. സഹാറ ഇന്ത്യയുടെ ചെയർമാൻ ആയ സുബ്രതോ റോയ്ക്കും, യൂണിടെക് പ്രൊമോട്ടർമാരായ സഞ്ജയ് ചന്ദ്ര, അജയ് ചന്ദ്ര എന്നിവർക്ക് ജയിലില്‍ നിന്ന് ഓഫീസ് പ്രവർത്തിപ്പിക്കാൻ കോടതി അനുമതി നല്‍കിയിരുന്നു. നിക്ഷേപകർക്കുള്ള നഷ്ടം നികത്താൻ ആസ്തികള്‍ വില്‍ക്കുന്നതിനാണ് ഇവർക്ക് ജയിലില്‍ നിന്ന് ഓഫീസ് പ്രവർത്തിപ്പിക്കാൻ കോടതി അനുമതി നല്‍കിയത്. ഈ കീഴ്വഴക്കം ചൂണ്ടിക്കാട്ടി ജയിലില്‍ നിന്ന് ഓഫീസ് പ്രവർത്തിക്കാനുള്ള അനുമതി കെജ്രിവാള്‍ തേടുമെന്ന കാര്യത്തില്‍ ജയില്‍ അധികൃതർക്ക് സംശയമില്ല.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *