തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നാളെ മൂന്നുമണിക്ക് വീണ്ടും അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കുമെന്നാണ് സൂചന. സ്കൂളുകൾ അടയ്ക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഉടൻ വന്നേക്കില്ല പക്ഷേ വിദഗ്ധ സമിതി ശക്തമായി മുന്നോട്ടുവെച്ചാൽ ഭാഗികമായ നിയന്ത്രണം കൊണ്ടുവന്നേക്കും.
ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസുകൾ തുടരാൻ അനുമതി നൽകിയേക്കും. ഇതിനായി സ്കൂളുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ ത്വരിതപ്പെടുത്താനുള്ള ശ്രമം ആരോഗ്യവകുപ്പിന്റെ ഭാഗമായുണ്ടാകും. കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണും ഡെൽറ്റയും കുട്ടികളിൽ വലിയ ആഘാതമുണ്ടാക്കില്ലെന്ന നിഗമനമാണ് ആരോഗ്യവകുപ്പിനുള്ളത്.
അതേസമയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവസാന വർഷ വിദ്യാർഥികളുടെ ക്ലാസുകൾ തുടരാൻ അനുമതി നൽകിയേക്കും. വിദ്യാലയങ്ങൾ അടയ്ക്കേണ്ടതില്ല എന്നതാണ് വിദഗ്ധ സമിതി നിലവിൽ പറയുന്നത്. ഇതിൽ മാറ്റമുണ്ടാകാനുള്ള സാധ്യത കുറവാണ്. അതേസമയം വിദ്യാലയങ്ങൾ കൊറോണ ക്ലസ്റ്റർ കേന്ദ്രങ്ങളായാൽ അതിനനുസരിച്ചുള്ള നടപടികളുണ്ടാകും.
സംസ്ഥാനത്ത് കൂടുതൽ കൊറോണ വ്യാപനമുണ്ടാകുന്നത് സംബന്ധിച്ച കഴിഞ്ഞ അവലോകന യോഗത്തിൽ വാരാന്ത്യ നിയന്ത്രണം, ആൾകൂട്ടമുണ്ടാകുന്നത് തടയൽ, ഓഫീസുകളിലെ ഹാജർ നില കുറയ്ക്കൽ, സ്കൂളുകൾ അടയ്ക്കൽ എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് ചീഫ്സെക്രട്ടറി, ഡിജിപി തുടങ്ങിയ ഉദ്യോഗസ്ഥർ മുന്നോട്ടു വെച്ചത്. എന്നാൽ അത് വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും അംഗീകരിച്ചിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾക്ക് സർക്കാർ നിർബന്ധിതരായേക്കും.
അങ്ങനെ വന്നാൽ ഓഫീസുകളിൽ എത്തുന്ന ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താനുള്ള തീരുമാനം വന്നേക്കും. കൂടാതെ ഷോപ്പിങ് മാളുകളിൽ പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം നിശ്ചിതപ്പെടുത്തൽ, ഹോട്ടലുകളിലും റെസ്റ്റൊറന്റുകളിലും ഇരുന്നു കഴിക്കാനുള്ള അനുമതി ഒഴിവാക്കൽ എന്നിങ്ങനെയുള്ള തീരുമാനങ്ങൾ വന്നേക്കും. ആൾകൂട്ടം ഉണ്ടാകുന്നത് തടയാൻ പ്രത്യേക തീരുമാനം വന്നേക്കും. പൊതുസ്ഥലത്ത് കൂട്ടം കൂടുന്ന പരിപാടികൾ നിയന്ത്രിക്കാനും സാധ്യതയുണ്ട്.