തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയിലെ കൊള്ള തുടരുന്നു. പതിവ് പോലെ ഇന്നും വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 32 പൈസയും ഡീസലിന് 38 പൈസയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ 17 ദിവസത്തിനിടെ പെട്രോളിന് രണ്ട് രൂപ 99 പൈസയും ഡീസലിന് നാല് രൂപ 55 പൈസയുമാണ് വർധിപ്പിച്ചത്.
ഇതോടെ കേരളത്തിലും ഡീസൽ വില നൂറ് കടന്നു. തിരുവനന്തപുരം പാറശാലയിൽ ഒരു ലിറ്റർ ഡീസലിന് 100 രൂപ 11 പൈസയും ഇടുക്കി പൂപ്പാറയിൽ 100.05 രൂപയുമാണ് വില ഈടാക്കുന്നത്.
അഞ്ച് വർഷം കൊണ്ട് ഡീസൽ വില ഇരട്ടിയായി വർധിച്ചു. 2016 ജനുവരിയിൽ 50 രൂപയിൽ താഴെയായിരുന്നു ഒരു ലിറ്റർ ഡീസലിന്റെ വില.
കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 104.57 രൂപയും ഡീസലിന് 98.14 രൂപയുമായി. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഡീസലിന് 99.83 രൂപയും. പെട്രോളിന് 106.39 രൂപയുമാണ് വില.
ഇന്ധന വില ദിവസവും വർധിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.