മുല്ലപ്പെരിയാറിൽ മരംമുറിക്കൽ വിവാദത്തിൽ മന്ത്രിമാരുടെ വാദം തള്ളി ഇ-ഫയൽ. മരംമുറിയിൽ ഫയൽ നീക്കം അഞ്ച് മാസം മുൻപേ തുടങ്ങിയെന്ന് ഇ-ഫയൽ രേഖകൾ വ്യക്തമാക്കുന്നു. മെയ് 23നാണ് ഫയൽ നീക്കം ആരംഭിച്ചത്. മരംമുറിയെ കുറിച്ച് ഒന്നുമറിയില്ലെന്ന് വകുപ്പ് മന്ത്രിമാർ പറയുമ്പോഴാണ് ഫയലുകളിൽ ചർച്ച നടന്നിട്ടുണ്ടെന്ന രേഖകൾ പുറത്തുവരുന്നത്.
സർക്കാരിനെ കൂടുതൽ കുരുക്കിക്കൊണ്ടാണ് ഇ-ഫയൽ രേഖകൾ പുറത്തുവന്നിരിക്കുന്നത്. തമിഴ് നാടിന്റെ മരം മുറിക്കാനുള്ള ആവശ്യത്തിൽ തീരുമാനമെടുക്കാൻ മെയ് മാസത്തിലാണ് വനം വകുപ്പിൽ നിന്ന് ഫയൽ ജലവകുപ്പിൽ എത്തുന്നത്.
നേരത്തെ മന്ത്രിയടക്കമുള്ളവർ പറഞ്ഞത് മരംമുറിക്കൽ സംബന്ധിച്ച ചർച്ചകളൊന്നും നടന്നിരുന്നില്ല എന്നായിരുന്നു. എന്നാൽ ബെന്നിച്ചൻ തോമസ് പുറത്തുവിട്ട വിശദീകരണ കുറിപ്പ് പ്രകാരം മരംമുറിക്കലുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ യോഗം നടന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.
മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരം മുറിക്കുന്നതിനുള്ള അനുമതി നൽകാൻ സെപ്റ്റംബർ 17 ന് ചേർന്ന സെക്രട്ടറി തല യോഗത്തിൽ തീരുമാനമായിരുന്നതായി കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഒക്ടോബർ 27 ന് സംസ്ഥാന സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് കോടതിക്ക് കൈമാറിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബേബി ഡാം ശക്തമാക്കുന്നതിന് ചില മരങ്ങൾ മുറിക്കാനും, നിർമ്മാണ സാധനങ്ങൾ കൊണ്ടുപോകുന്നതിനുമുള്ള അനുമതി നൽകാനും സെപ്റ്റംബർ 17 ന് ചേർന്ന സെക്രട്ടറിതല യോഗത്തിൽ തീരുമാനം ആയിരുന്നതായാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചത്. മരം മുറിക്കുന്നതിന് അനുമതി നൽകാൻ കൃത്യമായ ഫോർമാറ്റിൽ അപേക്ഷ നൽകാൻ തമിഴ്നാടിനോട് നിർദേശിച്ചിരുന്നു. എന്നാൽ തമിഴ്നാട് ഇതുവരെയും കൃത്യമായ ഫോർമാറ്റിൽ അപേക്ഷ നൽകിയിട്ടില്ല എന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.