സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 21 ആയി: 3 വയസുകാരനടക്കം രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു

October 17, 2021
111
Views

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 21 ആയി. കോട്ടയം കൂട്ടിക്കലിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ മാത്രം 11 പേരാണ് മരിച്ചത്. കൊക്കയാറിൽ ഉരുൾപൊട്ടിയ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇവിടെ ആറ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പാലക്കാടും തൃശ്ശൂരും മഴ തുടരുകയാണ്. നദികളിലും ജലനിരപ്പ് ഉയരുകയാണ്. ബുധനാഴ്ച മുതൽ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

കോട്ടയം മുണ്ടക്കയത്തെ കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 11 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കാവാലിയിൽ ഒരു കുടുംബത്തിലെ ആറ് പേരുടെയും പ്ലാപ്പള്ളിയിൽ നാല് പേരുടെയും ഒരു ഓട്ടോ ഡ്രൈവറുടെയും മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഒറ്റരാത്രിയിൽ തിമിർത്ത് പെയ്ത പേമാരിയിൽ കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലെ ചെറു കുന്നുകൾ ഇടിഞ്ഞ് താഴുകയായിരുന്നു. ഇടുക്കി പെരുവന്താനം നിർമലഗിരിയിൽ മലവെള്ളപാച്ചിലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വടശ്ശേരിയിൽ ജോജോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനിടെയാണ് ജോജോ മലവെള്ളപാച്ചിലിൽ പെട്ടത്.

കൊക്കയാറിൽ ഉരുൾപൊട്ടി കാണാതായ ആറ് പേരുടെ മൃതദേഹം കണ്ടെത്തി. നാല് കുട്ടികളുടെയും രണ്ട് മുതിർന്നവരുടെയും മൃതദേഹമാണ് കിട്ടയത്. അംന സിയാദ്, അഫ്സന ഫൈസൽ, അഹിയാൻ ഫൈസൽ, അമീൻ, ഷാജി ചിറയിൽ, ഫൗസിയ എന്നിവരുടെ മൃതദേഹം കണ്ടെത്തി. ഷാജി ചിറയലിന്റെ മൃതദേഹം മണിമലയാറിൽ മുണ്ടക്കയത്ത് നിന്നാണ് കണ്ടെത്തിയത്. ഇനി മൂന്ന് വയസുകാരൻ സച്ചു ഷാഹുലിനെയാണ് കണ്ടെത്താനുള്ളത്. കൊക്കയാറിന് സമീപം ഒഴുക്കിൽപ്പെട്ട് കാണാതായ ആൻസിയെയും കണ്ടെത്താനുണ്ട്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *