തിരുവനന്തപുരം: കേരള ബാങ്കിന് (കേരള സംസ്ഥാന സഹകരണ ബാങ്ക്) വിവരാവകാശ നിയമം ബാധകമാണെന്നും വിവിരാവകാശ നിയമം 2005 പ്രകാരം പൗരന്മാർക്ക് വിവരം നല്‍കുന്നതിനു ബാധ്യതയുണ്ടെന്നും വിവരാവകാശ കമീഷണർ ഡോ.
കെ. എം. ദിലീപ് ഉത്തരവിട്ടു. കൊച്ചു പള്ളുരുത്തിയില്‍ പുതിയേടത്ത് പി. ബി. ഹേമലത നല്‍കിയ പരാതി ഹർജി പരിഗണിച്ചാണ് കമീഷൻ ഉത്തരവായത്.
വിവരാവകാശ നിയമപ്രകാരം കേരള ബാങ്കില്‍ നല്‍കിയ അപേക്ഷയിന്മേല്‍ വിവരം നല്‍കിയില്ലെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമുള്ള പരാതി ഹർജിയിലാണ് കമീഷൻ ഉത്തരവ്. സർക്കാർ പുറപ്പെടുവിച്ച ഉത്തരവു മുഖേന സ്ഥാപിക്കപ്പെട്ട സ്ഥാപനം എന്ന നിലയിലും സർക്കാരിന്റെ ഗണ്യമായ സാമ്ബത്തിക സഹായം നല്‍കിയിട്ടുള്ള സ്ഥാപനം എന്ന നിലയിലും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കേരള ബാങ്ക് (കേരള സംസ്ഥാന സഹകരണ ബാങ്ക്) വരുമെന്നും കേരള ബാങ്കില്‍ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും അപ്പീല്‍ അധികാരിയേയും നിയമിക്കണമെന്നും ജനറല്‍ മാനേജർക്ക് കമീഷൻ നിർദേശം നല്‍കി.