കേരളീയം 2023ന്റെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലയാള ചലച്ചിത്ര മേളയുടെ ആദ്യദിനത്തില്‍ പ്രേക്ഷകരുടെ വൻ പങ്കാളിത്തം.
തിരുവനന്തപുരം: കേരളീയം 2023ന്റെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലയാള ചലച്ചിത്ര മേളയുടെ ആദ്യദിനത്തില്‍ പ്രേക്ഷകരുടെ വൻ പങ്കാളിത്തം.
ആദ്യദിവസം മൈ ഡിയര്‍ കുട്ടിച്ചാത്തൻ സിനിമ സൃഷ്ടിച്ച ആള്‍ത്തിരക്ക് ഒഴിവാക്കാൻ കൈരളി തീയറ്റര്‍ സമുച്ചയത്തില്‍ സംഘാടകര്‍ക്ക് ഹൗസ് ഫുള്‍ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കേണ്ടി വന്നു.
കുട്ടിച്ചാത്തൻ ത്രിമാന സാങ്കേതിക തികവില്‍ കാണുന്നതിനായി എത്തിച്ചേര്‍ന്നവരുടെ ക്യൂ അഞ്ചുമണിയോടെ നീണ്ടു തുടങ്ങി. ചിത്രം നവംബര്‍ ആറിന് നിള തിയറ്ററില്‍ വൈകുന്നേരം ഏഴ് മണിക്ക് വീണ്ടും പ്രദര്‍ശിപ്പിക്കുമെന്ന ഉറപ്പിലാണ് പലരും മടങ്ങിയത്. പ്രശസ്ത ചലച്ചിത്രകാരൻ അടൂര്‍ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘എലിപ്പത്തായം’ സിനിമയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ആദ്യം എത്തുന്നവര്‍ക്ക് ആദ്യം ഇരിപ്പിടം എന്ന നിലയിലാണ് തുടര്‍ന്നുള്ള ദിവസങ്ങളിലും ക്രമീകരിച്ചിരിക്കുന്നത്. മുൻഗണനാ ക്രമം ഉറപ്പാക്കുന്നതിന് സൗജന്യ ടിക്കറ്റ് ഓരോ ഷോയ്ക്കും ഒരു മണിക്കൂര്‍ മുമ്ബായി കൗണ്ടറില്‍ ലഭിക്കും.