വിസ്മയയുടെ മരണം; ഭൂരിഭാഗം സാക്ഷികളും വിസ്മയയുടെ ബന്ധുക്കള്‍, തന്റെ ഭാഗം കേട്ടില്ലെന്ന് കിരണ്‍ കുമാര്‍; സുപ്രീംകോടതിയെ സമീപിച്ചു

December 23, 2021
315
Views

കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച് പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാര്‍. കേസിലെ ഭൂരിഭാഗം സാക്ഷികളും വിസ്മയയുടെ ബന്ധുക്കളാണെന്നും തന്റെ ഭാഗം കേട്ടില്ലെന്നും ആരോപിച്ചാണ് കിരണ്‍ കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

തന്റെ വാദം തെളിയിക്കാന്‍ അവസരം ലഭിച്ചില്ലെന്നും താനും വിസ്മയയും തമ്മിലുള്ള അടുപ്പം തെളിയിക്കുന്നതാണ് മൊബൈല്‍ ഫോണിലെ ഫോട്ടോകളും വീഡിയോകളുമെന്നും സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു. പോലീസ് ഫോട്ടോയും വീഡിയോയുമെല്ലാം കണ്ടെങ്കിലും തന്നെ പ്രതിയാക്കാനുള്ള വ്യഗ്രതയില്‍ ബോധപൂര്‍വം അവഗണിച്ചു. ടിക്ടോക്കില്‍ സജീവമായിരുന്ന താന്‍ അറിയപ്പെടുന്ന ആളായതിനാല്‍ മാധ്യമവിചാരണയ്ക്ക് ഇരയായെന്നും മുമ്പ് ഒരു കേസിലും പ്രതിയായിട്ടില്ലെന്നും കിരണ്‍ കുമാര്‍ അപ്പീലില്‍ പറയുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്ത തനിക്ക് നിലവില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും വിചാരണ തീരുവോളം ജയിലില്‍ കഴിയേണ്ടതില്ലെന്നും കിരണ്‍ കുമാര്‍ വാദിക്കുന്നു. വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചതോടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണ്‍ കുമാര്‍റിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. കിരണ്‍ കുമാറിന് ഇനി സര്‍ക്കാര്‍ ജോലിയോ പെന്‍ഷനോ ലഭിക്കില്ല. സ്ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ്.

ജൂണ്‍ 21നാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാരില്‍ നിന്ന് സ്ത്രീധനം എന്ന പേരില്‍ കിരണ്‍ കുമാര്‍ വാങ്ങിയിരുന്നു. എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *