കല്‍പ്പറ്റ: തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് ഇലക്ഷൻ സ്ക്വാഡ് വയനാട്ടില്‍ വ്യാപകമായി ഭക്ഷ്യ കിറ്റുകള്‍ പിടികൂടി.ജില്ലയിലെ മൂന്ന് സ്‌റ്റേഷനുകളില്‍ കേസ് എടുത്തതായി ജില്ലാ പോലീസ് മേധാവി.
കോടതിയുടെ അനുമതിയോടെ നടപടികള്‍ പോലീസ് നടപടി സ്വീകരിച്ചു വരികയാണന്ന് വരണാധികാരി വയനാട് ജില്ലാ കലക്ടർ ഡോ.രേണു രാജ്.
ചിലയിടങ്ങളില്‍ വോട്ടിന് സാരിയും വിതരണം ചെയ്തതായി പരാതി. ഇന്നലെ രാത്രി മുതലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്ഷ്യ കിറ്റുകള്‍ പിടികൂടി തുടങ്ങിയത്. വിതരണം ചെയ്യുന്നതിന് തയ്യാറെടുക്കുന്നതിനിടെ ആദ്യം ബത്തേരിയിലും രാത്രി മാനന്തവാടി കെല്ലൂർ അഞ്ചാം മൈലിലും ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസും തിരഞ്ഞെടുപ്പ് കോഡും ചേർന്ന് കിറ്റുകള്‍ പിടികൂടിയത്. ഇന്ന് കല്‍പ്പറ്റ തെക്കുംതറയിലും കിറ്റുകള്‍ സ്ക്വാഡിലെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മൂന്നിടങ്ങളില്‍ നിന്നായി 1767 കിറ്റുകളാണ് പിടികൂടിയത്.
ആയിരകണക്കിന് കിറ്റുകള്‍ വിതരണം നടത്തി കഴിഞ്ഞതായി പരാതി ഉയർന്നിട്ടുണ്ട്. കല്‍പ്പറ്റ, വെള്ളമുണ്ട, ബത്തേരി എന്നീ സ്റ്റേഷനുകളില്‍ കേസുണ്ടന്നും തിരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് കോടതിയുടെ അനുമതിയോടെ നടപടി സ്വീകരിച്ചു വരുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കിറ്റുകള്‍ വിതരണം ചെയ്യുന്നതിനെതിരെ എല്‍.ഡി.എഫും യു.ഡി.എഫും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട് .പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടന്നും കോടതിയുടെ അനുമതിയോടെ പോലീസ് തുടർ നടപടികള്‍ സ്വീകരിക്കുമെന്നും വരണാധികാരി കൂടിയായ ജില്ലാ കലക്ടർ ഡോ.രേണു രാജ് പറഞ്ഞു. ഭക്ഷ്യ കിറ്റുകള്‍ കൂടാതെ വോട്ടർമാരെ സ്വാധീനിക്കാൻ സാരികളും വിതരണം ചെയ്താതായും ആരോപണമുയർന്നിട്ടുണ്ട്. കല്‍പ്പറ്റയിലെ ഒരു ടെക്സ്റ്റയില്‍സില്‍ നിന്ന് നൂറ് കണക്കിന് സാരി ചിലരെത്തി വാങ്ങി കൊണ്ടുപോയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തു