കൊച്ചി മെട്രോയുടെ പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള ട്രയൽ റൺ നാളെ നടക്കും. ഞായർ രാത്രി 12 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെയും തിങ്കളാഴ്ച രാത്രി 12 മണി മുതൽ ചൊച്ചാഴ്ച പുലർച്ചെ വരെയുമാണ് ട്രയൽ റൺ. കൊച്ചി മെട്രോയുടെ പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള റെയിൽ പാത ട്രയൽ റണ്ണിന് സജ്ജമായി. വടക്കേകോട്ട, എസ്.എൻജംഗ്ഷൻ സ്റ്റേഷനുകളുടെ നിർമാണവും അവസാനഘട്ടത്തിലാണ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിർമിക്കുന്ന ആദ്യ പാതയാണ് 2 കിലോമീറ്റർ നീളമുള്ള പേട്ട മുതൽ എസ്.എൻ ജംഗ്ഷൻവരെയുള്ളത്.
ആദ്യഘട്ട നിർമാണം നടത്തിയിരുന്നത് ഡെൽഹി മെട്രോ റെയിൽ കോർപ്പറഷനായിരുന്നു. 2019 ഒക്ടോബറിലാണ് ഈ പാത നിർമാണം ആരംഭിച്ചത്. കൊവിഡും തുടർന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി കെ.എം.ആർ.എൽ നിർമാണം പൂർത്തിയാക്കുകയായിരുന്നു.പൈലിംഗ് നടത്തി 27 മാസങ്ങൾക്കുള്ളിലാണ് നിർമാണം പൂർത്തിയാക്കിയത്. 453 കോടിരൂപയാണ് മൊത്തം നിർമാണചിലവ്. സ്റ്റേഷൻ നിർമാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചിലവഴിച്ചു. മെട്രോ പാത എസ്.എൻ ജംഗ്ഷൻ വരെ എത്തുന്നതോടെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 22 ൽ നിന്ന് 24 ആകും.