സുധിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകും, കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കും: ശ്രീകണ്‌ഠന്‍ നായര്‍

June 6, 2023
32
Views

കൊല്ലം സുധിയുടെ കുടുംബത്തിന് കൈതാങ്ങാവുകയാണ് ഫ്ളവേഴ്സ് ചാനല്‍

കൊല്ലം സുധിയുടെ കുടുംബത്തിന് കൈതാങ്ങാവുകയാണ് ഫ്ളവേഴ്സ് ചാനല്‍. നടന്റെ കുടുംബത്തിനു സഹായമായി വീടും, കുട്ടികളുടെ പഠന ചെലവും ചാനല്‍ നെറ്റ് വര്‍ക്ക് ഏറ്റെടുക്കുമെന്ന് ശ്രീ കണ്ഠൻ നായര്‍ പറഞ്ഞു.

ഫ്ളവേഴ്സും ട്വന്റിഫോറും ചേര്‍ന്ന് സംഘടിപ്പിച്ച സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുന്ന സമയത്താണ് സുധിയ്ക്ക് അപകടമുണ്ടായത്. സുധി തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം എന്നും തങ്ങളുണ്ടാകുമെന്നും ശ്രീകണ്ഠൻ നായര്‍ പറഞ്ഞു.

“പല പ്രേക്ഷകരും അദ്ദേഹത്തിന്റെ അവശേഷിച്ച സ്വപ്നമായ വീട് വച്ചു നല്‍കണമെന്ന് പറയുന്നു. അതു മാത്രമല്ല ഒരുപാട് കടക്കെണികള്‍ക്ക് നടുവിലായിരുന്നു സുധി, സ്റ്റാര്‍ മാജിക്ക് അവതരണത്തിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനവും സ്റ്റേജ് പ്രോഗ്രാമുകളും കൊണ്ട് ജീവിതം തള്ളി നീക്കി പോകുന്ന അവസ്ഥയായിരുന്നു.

“നമ്മുടെ കുടുംബത്തിലെ അംഗമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഒരുപക്ഷെ കൊല്ലം സുധി മാത്രമെ പോയിട്ടുള്ളൂ, അദ്ദേഹം അവശേഷിപ്പിച്ച്‌ പോയ നല്ല ഓര്‍മകളുണ്ട്. ഫ്ളവേഴ്സും ട്വന്റിഫോറും ചേര്‍ന്ന് സുധിയ്ക്ക് വീട് വച്ച്‌ നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസവും ഈ നെറ്റ് വര്‍ക്കായിരിക്കും മുന്നോട്ട് കൊണ്ടു പോകുക,” ശ്രീകണ്ഠൻ നായരുടെ വാക്കുകളിങ്ങനെ.

ഫ്ളവേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് ഷോയില്‍ വളരെയധികം സജീവമായിരുന്നു സുധി. സഹപ്രവര്‍ത്തകന്റെ വിയോഗം താങ്ങാനാകാതെ പൊട്ടിക്കരയുകയാണ് താരങ്ങളും. സുധിയുടെ മൃതശരീരം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ അനവധി താരങ്ങള്‍ കാണാനായി എത്തി.

മിമിക്രി ലോകത്തു നിന്ന് സിനിമയിലെത്തിയ കലാകാരന്മാരില്‍ മുൻ നിരയില്‍ തന്നെയുണ്ടാകും കൊല്ലം സുധി. കോമഡി സ്റ്റാര്‍, കോമഡി ഫെസ്റ്റിവല്‍ തുടങ്ങിയ ഷോകളിലൂടെയാണ് കൊല്ലം സുധി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്. പിന്നീട് അനവധി സിനിമകളും സ്റ്റാര്‍ മാജിക്ക് എന്ന ഷോയും കൊല്ലം സുധി എന്ന കലാകാരന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *