നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം: കൂട്ടിരിപ്പുകാർക്ക് ഇലക്ട്രോണിക് തിരിച്ചറിയൽ കാർഡ് നല്‍കാന്‍ തീരുമാനം

January 10, 2022
192
Views

കോട്ടയം: നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷ കൂടുന്നു. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഇലക്ട്രോണിക് തിരിച്ചറിയൽ കാർഡ് നല്‍കാന്‍ തീരുമാനം. തിരിച്ചറിയൽ കാർഡ് സ്വൈപ്പ് ചെയ്താൽ മാത്രം തുറക്കുന്ന വാതിലുകൾ സ്ഥാപിക്കും.

അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിന്റെ നിർദ്ദേശപ്രകാരമാണിത്. ആശുപത്രിയിൽ വാർഡുകളിലേക്ക് കയറാനും ഇറങ്ങാനും ഓരോ വാതിലുകൾ മാത്രമാക്കും. ജീവനക്കാരുടെ തിരിച്ചറിയൽ കാർഡുകളും നവീകരിക്കും. ഇതിനുള്ള നടപടികൾ തുടങ്ങിയതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

ആശുപത്രിയിൽ സുരക്ഷാ സംവിധാനങ്ങളിൽ വലിയ അപാകതയാണെന്ന് കണ്ടെത്തിയിരുന്നു. 40 സുരക്ഷാ ജീവനക്കാരുടെ കുറവാണ് ആശുപത്രിയിലുള്ളത്. പ്രധാന കവാടങ്ങളിൽ സിസിടിവിയുമില്ല. ആശുപത്രി പരിസരത്തുള്ള ക്യാമറകളിൽ മിക്കവയും പ്രവർത്തിക്കുന്നുമില്ല. ആശുപത്രിക്ക് പുറത്തും അകത്തുമായുള്ള ക്യാമറകളിൽ പ്രവർത്തിക്കുന്നത് എഴുപത് ശതമാനം മാത്രമാണ്.

ഇതെല്ലാം കൊണ്ട് തന്നെ ക്രിമിനലുകൾ ആശുപത്രി പരിസരത്തെ താവളമാക്കുന്നു എന്നും പരാതി ഉയരുന്നുണ്ട്. കൂടുതലും അന്യജില്ലകളിൽ നിന്നുള്ളവർ. ആറ് മാസത്തിനകം ഇരുപതിലധികം ക്രിമിനൽ കേസ് പ്രതികളെ പൊലീസ് പിടികൂടി. കൂടുതലും മൊബൈൽ ഫോണും ബൈക്ക് മോഷ്ടിച്ച സംഭവങ്ങളാണ്. ഒരു മാസം മുമ്പ് കോഴിക്കോട് സ്വദേശിയെ പിടിച്ചത് കൂട്ടിരുപ്പുകാരിൽ നിന്ന് പലപ്പോഴായി മോഷ്ടിച്ച 25ൽ അധികം മൊബൈൽ ഫോണുകളുമായിട്ടാണ്.

സുരക്ഷാ ജീവനക്കാരുടെ കുറവും മറ്റൊരു പ്രധാന പ്രതിസന്ധിയാണ്. നിലവിലുള്ളത് 60 ശതമാനം മാത്രം ജീവനക്കാർ. 40 പേരുടെ കുറവ്. പല കവാടങ്ങളിലും ഒരു സമയം ജോലിയിൽ ഉണ്ടാകുന്നത് ഒരാൾ മാത്രം. സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കേണ്ട ചീഫ് സെക്യൂരിറ്റി ഓഫീസറുടെ മൂന്ന് തസ്തികയിൽ രണ്ടെണ്ണവും ഒഴിഞ്ഞ് കിടക്കുന്നു. സുരക്ഷാ ജീവനക്കാരെ എടുക്കാൻ തീരുമാനിച്ചെങ്കിലും തുച്ഛമായ വരുമാനം കാരണം ആരും എത്തുന്നില്ല. ദിവസക്കൂലി 530 രൂപ മാത്രം. ഇത് പുതുക്കി നിശ്ചയിക്കാൻ ആശുപത്രി ഫണ്ടിന്‍റെ അപരാപ്തതയാണ് വെല്ലുവിളി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *